KSDLIVENEWS

Real news for everyone

വയനാട് ദുരന്തം: സാലറി ചലഞ്ചിനായി സർക്കാർ; സർവീസ് സംഘടനാ നേതാക്കളുമായി ചർച്ചനടത്തി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർജീവനക്കാരിൽനിന്ന് സാലറി ചലഞ്ച് നടത്താനുള്ള ആലോചനയുമായി സർക്കാർ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഏകപക്ഷീയപ്രഖ്യാപനം ഒഴിവാക്കാനും എല്ലാ സംഘടനകളുമായും അഭിപ്രായ ഐക്യമുണ്ടാക്കാനുമാണ് ശ്രമം. ഇതിനായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി പ്രത്യേകം ചർച്ചനടത്തി.

ഓരോ സംഘടനയുടെയും നേതാക്കളെ പ്രത്യേകമായി വിളിപ്പിച്ചാണ് സമവായത്തിനായി ശ്രമിച്ചത്. പ്രളയഘട്ടത്തിലും കോവിഡ് വ്യാപനഘട്ടത്തിലും സർക്കാർ ജീവനക്കാരിൽനിന്ന് സാലറി ചലഞ്ച് നടത്തിയിരുന്നു. അന്ന് സർക്കാർ തീരുമാനം കടുപ്പിച്ച് അറിയിച്ചുള്ള രീതിയായിരുന്നു സ്വീകരിച്ചത്. ഇത് കടുത്ത എതിർപ്പുകൾക്ക് വഴിയൊരുക്കിയിരുന്നു. 

21 ശതമാനത്തോളം ഡി.എ. നൽകാനുണ്ട്. ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യം വേറെയുമുണ്ട്. 50,000 കോടിയോളം രൂപ സർക്കാർ നൽകാനുണ്ടെന്ന് പ്രതിപക്ഷസംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് അനുവദിച്ച്, അതിൽനിന്ന് ഒരുഭാഗം സി.എം.ഡി.ആർ.എഫിലേക്ക് വാങ്ങുന്നത് ജീവനക്കാർക്ക് സാമ്പത്തികബാധ്യത ഇല്ലാതാക്കുമെന്ന നിർദേശമാണ് പ്രതിപക്ഷ സംഘടനാനേതാക്കൾ മുന്നോട്ടുവെച്ചത്. എല്ലാ സംഘടനാനേതാക്കളും വയനാടിന്റെ സഹായത്തിനായി അനുകൂലനിലപാടാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!