അപകടകരമായ സ്ഥിതിയിലാണ് കേരളം, അതുകൊണ്ടാണ് കെ-റെയിലിനെ എതിർത്തത്- വി.ഡി.സതീശൻ

കൽപറ്റ: ഏത് വലിയ വികസന പദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസ്സിലാക്കി സർക്കാർ നയരൂപീകരണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാ വികസനകാര്യങ്ങളും എല്ലാ നയരൂപീകരണത്തിലും അതിലെ പ്രധാന ഘടകം കാലാവസ്ഥാ വ്യതിയാനം ആയിരിക്കണം. ഈ ഒറ്റ കാര്യത്തിലാണ് കെ-റെയിലിനെ എതിർത്തതെന്നും പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ അത്തരം പദ്ധതികളിലേക്ക് പോകാൻ കഴിയുന്ന സ്ഥിതിയിലല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
അപകടകരമായ സ്ഥിതിയിലാണ് കേരളം. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ മാത്രമല്ല, നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളാണ് കേരളത്തിലുള്ളത്. ബംഗാൾ ഉൾക്കടലിന്റെ വശങ്ങളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴി, മേഘവിസ്ഫോടനം കള്ളക്കടൽ തുടങ്ങിയ സംഭവങ്ങൾ പശ്ചിമതീരത്തും ആവർത്തിക്കപ്പെടുകയാണ്. ഇതിനെല്ലാം സാധ്യതയുള്ള മേഖലയാണ് കേരളം.
കേരളം മൊത്തം അപകടകരമായ സോണിലാണുള്ളത്. ഏത് വലിയ വികസന പദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസ്സിലാക്കി നയരൂപീകരണം നടത്തണം. കാവാവസ്ഥാ വ്യതിയാനം സർക്കാർ കാണാതെ പോകുന്നുവെന്നും അത് പാടില്ലെന്നും വയനാട് ദുരന്തം ഉണ്ടാകുന്നതിന് രണ്ടാഴ്ച മുൻപ് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഇതിനോടെല്ലാം സഹകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. സർക്കാരുമായി ഇത്തരം കാര്യങ്ങളിൽ ഒരു സംഘർഷത്തിനും പ്രതിപക്ഷം പോകില്ല. സർക്കാരുമായി ചേർന്നുനിന്ന് സഹകരിച്ച് പരമാവധി കാര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് തീരുമാനം, പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

