KSDLIVENEWS

Real news for everyone

പറവണ്ണ ബീച്ചിൽ ചൊവ്വാഴ്ച കരയ്ക്കടിഞ്ഞത് രണ്ട് തിമിംഗിലങ്ങൾ, കാരണം അവ്യക്തം

SHARE THIS ON

കൂട്ടായി: പറവണ്ണ ബദാം ബീച്ചിനടുത്ത് വ്യത്യസ്ത സമയങ്ങളിലായി രണ്ട് ഭീമൻ നീലത്തിമിംഗിലങ്ങൾ ചത്ത് കരയ്ക്കടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വേളാപുരം ഭാഗത്ത് ഭാഗികമായി ജീർണിച്ച തിമിംഗിലം ആദ്യം കരയ്ക്കടിഞ്ഞത്. രാത്രി എട്ടോടെ പൂർണമായും ജീർണിച്ച മറ്റൊരു തിമിംഗിലം ബദാം ബീച്ചിന്റെ വടക്കുവശത്തും കരയ്ക്കടിഞ്ഞു.

ആദ്യത്തെ തിമിംഗിലത്തിന് 11 മീറ്റർ നീളമുണ്ട്. വെറ്ററിനറി ഡോക്ടർ ഷെബീർ ഹുസൈന്റെ നേതൃത്വത്തിൽ മൃതദേഹപരിശോധന നടത്തി. പകൽ കരയ്ക്കടിഞ്ഞ തിമിംഗിലത്തെ വൈകീട്ടോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കടപ്പുറത്തുതന്നെ സംസ്‌കരിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.

രാത്രി രണ്ടു മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുഴി വെട്ടിയെങ്കിലും തിമിംഗിലത്തെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് പട്ടാമ്പിയിൽനിന്ന് ക്രെയിൻ കൊണ്ടുവന്ന് രാത്രി വൈകിയും കുഴിച്ചുമൂടാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെയാണ് രാത്രി ഇതേ വലുപ്പത്തിൽ അഴുകിയനിലയിൽ മറ്റൊരു നീലത്തിമിംഗിലംകൂടി അടിഞ്ഞത്. ഇതിനെയും കരയ്ക്കുകയറ്റാൻ കഴിഞ്ഞിട്ടില്ല. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശ്രമിക്കുന്നുണ്ട്.


കുറച്ചുദിവസമായി പുറംകടലിൽ തിമിംഗിലം ഒഴുകി നടന്നിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അഴുകിയ നിലയിലായതിനാൽ അവയവങ്ങൾ പുറത്തെടുത്തുകൊണ്ടുള്ള മൃതദേഹപരിശോധന പ്രയാസമാണ്.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. നാരായണൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. വിജിൻ, പി. ഷിജി, മുനീറുദ്ദീൻ, അരുൺ പ്രസാദ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ. വൈശാഖ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരി എന്നിവർ തിമിംഗിലങ്ങൾ കരയ്ക്കടിഞ്ഞ കടപ്പുറം സന്ദർശിച്ചു.

മരണകാരണം പഠിക്കേണ്ട വിഷയം
വംശനാശഭീഷണി നേരിടുന്ന നീലത്തിമിംഗിലങ്ങൾ ഒമാൻ തീരങ്ങളിലാണ് സാധാരണയായി കാണുന്നത്. മൺസൂൺ സീസണിൽ കേരള തീരങ്ങളിൽ സൂക്ഷ്മജീവികളുടെയും മൂലകങ്ങളുടെയും അളവ് കൂടുമ്പോൾ അത് ഭക്ഷിക്കാൻ ധാരാളം ചെറുമത്സ്യങ്ങളെത്തും. ഈ ചെറുമീനുകളെ ഭക്ഷണമാക്കാനായിരിക്കാം കേരള തീരത്തേക്ക് കൂടുതൽ തിമിംഗിലങ്ങളെത്തുന്നത്. കപ്പലുകൾ തട്ടിയോ രോഗംബാധിച്ചോ ആകാം മരണം. തിമിംഗിലങ്ങളുടെ അകാലമരണത്തെക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. ഒരു വർഷത്തിനിടയിൽ മലബാർ തീരത്ത് പത്തോളം തിമിംഗിലങ്ങൾ അടിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!