വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; പണം സംഘടിപ്പിക്കാന്‍ പോയ പ്രതിശ്രുതവരനെ കാണാതായിട്ട് നാലുദിവസം

മലപ്പുറം: മങ്കട പള്ളിപ്പുറത്ത് യുവാവിനെ കാണാതായെന്ന് പരാതി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയ യുവാവ് മൂന്നുദിവസമായിട്ടും മടങ്ങിവന്നില്ല. ജില്ലാ പോലീസ് മേധാവിക്കടക്കം കുടുംബം പരാതി നല്‍കി.
ബുധനാഴ്ച രാവിലെയാണ് അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങിയ 500 രൂപയുമായാണ് പാലക്കാട്ടേക്ക് പോയത്. കഞ്ചിക്കോടാണ് ജോലി ചെയ്തുവരുന്നത്. സുഹൃത്തിന്റെ കൈയ്യില്‍നിന്ന് ഒരുലക്ഷം രൂപ ലഭിച്ചതായി കുടുംബത്തെ അറിയിച്ചിരുന്നു.
ബുധനാഴ്ച തിരിച്ചുവരില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടില്‍ തങ്ങുമെന്നുമായിരുന്നു അറിയിച്ചത്. എട്ടുമണിയോടെ ഫോണ്‍ സ്വിച്ച് ഓഫായി.
കാണാതായ ഉടന്‍ പരാതി നല്‍കിയതായി കുടുംബം പറഞ്ഞു. ഫോണ്‍രേഖകള്‍ എടുത്തു. പാലക്കാട് പോയി അന്വേഷിച്ചു. അവസാനം ലൊക്കേഷന്‍ ലഭിച്ച ഇടത്തും ജോലിചെയ്യുന്ന സ്ഥാപനത്തിലും പോയി. പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും പരിശോധിച്ചുവെന്നും കുടുംബം പറഞ്ഞു.

