KSDLIVENEWS

Real news for everyone

ഇന്ന് കണ്ടെത്തിയത് നാൽപതോളം വാഹന ഭാഗങ്ങൾ, ഒന്നും അർജുന്റെ ലോറിയുടേതല്ല: നാളെ തിരച്ചിൽ തുടരും

SHARE THIS ON

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിങ്കളാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ മുതൽ ഗംഗാവലി പുഴയിൽ നടത്തിയ ഡ്രഡ്ജിങ്ങിൽ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ ബമ്പർ അർജുന്റെ ലോറിയുടേതാണെന്ന് നേരത്തെ മനാഫ് പറഞ്ഞിരുന്നു. എന്നാൽ ലോഹഭാഗങ്ങളടക്കം വേറേയും നിരവധി വസ്തുക്കൾ കണ്ടെത്തിയതോടെ ഇവയൊന്നും അർജുന്റെ ലോറിയുടേത് അല്ലെന്ന നിഗമനത്തിൽ അദ്ദേഹം എത്തി. ലഭിച്ച ലോഹ ഭാഗങ്ങളടക്കം ഗ്യാസ് ടാങ്കറിന്റേതാകാം എന്നാണ് മനാഫ് വ്യക്തമാക്കുന്നത്.

‘കണ്ടെത്തിയവയിൽ അർജുന്റെ ലോറിയുടേതെന്ന് പറയാൻ കൂടുതൽ ഭാഗങ്ങളൊന്നും ഇല്ല. നിരവധി ഭാഗങ്ങൾ ഡ്രെഡ്ജറിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും നമ്മുടെ ലോറിയുടേതല്ല. മരങ്ങളും കയറുകളും ആംഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്.

കണ്ടെത്തിയ 95 ശതമാനം ഭാഗങ്ങളും മറ്റുവാഹനങ്ങളുടേതാണ്. വേറെ ഏതോ വാഹനം എൻജിനടക്കം തകർന്നിട്ടുണ്ട്. മറ്റു എൻജിൻ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്’, മനാഫ് കൂട്ടിച്ചേർത്തു.

ടയറുകൾ അടക്കം നാൽപതോളം അവശിഷ്ടങ്ങളാണ് ഡ്രെഡ്ജിങിൽ തിങ്കളാഴ്ച കണ്ടെത്തിയത്. മൂന്നുദിവസമായി തുടരുന്ന ഡ്രഡ്ജിങിൽ അർജുന്റെ ലോറിയിലേതെന്ന് പറയാൻ പ്രധാനമായും ലഭിച്ചത് തടിക്കഷ്ണങ്ങളും കയറും മാത്രമാണ്. റിട്ട.മേജർ ജനറൽ ഇന്ദ്രപാലൻ ഷിരൂരിൽ എത്തിയിട്ടുണ്ട്. അദ്ദേഹം അടയാളപ്പെടുത്തിയ നാലാമത്തെ പോയിന്റ് കേന്ദ്രീകരിച്ചാവും ചൊവ്വാഴ്ച പരിശോധന നടക്കുക.

അതേസമയം, കഴിഞ്ഞദിവസം ഗംഗാവലിയിൽനിന്ന് ലഭിച്ച അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. പോലീസ് സർജനും വെറ്ററിനറി സർജനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ഥി ഏതെങ്കിലും മൃഗത്തിന്റേതാകാം എന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്കായി അസ്ഥി ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!