സുപ്രീംകോടതിയും കൈവിട്ടാൽ സിദ്ധരാമയ്യ പുറത്തേക്ക്; ശിവകുമാറോ സതീഷോ ആര്‍ക്ക് നറുക്ക് വീഴും

ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യ. മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോത് അനുമതി നല്‍കിയിരുന്നു.
ഗവര്‍ണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ആയിരുന്നു സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. ഹൈക്കോടതി വിധിക്കെതിരേ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അവിടെയും തിരിച്ചടിയുണ്ടായാല്‍ രാജി അല്ലാതെ മറ്റൊരു വഴിയില്ല സിദ്ധരാമയ്യക്ക്.
ഹൈക്കോടതി വിധി കൂടി വന്നതോടെ പ്രതിപക്ഷം സിദ്ധരാമയ്യയുടെ രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമെങ്ങും പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുമ്പോള്‍ സിദ്ധരാമയ്യയ്ക്ക് മേല്‍ രാജി സമ്മര്‍ദമേറും. സുപ്രീംകോടതി സ്‌റ്റേ നല്‍കിയില്ലെങ്കില്‍ നിര്‍ണായക തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് കടക്കാനാണിട.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം കൊതിച്ച ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞാണ് 2023-ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കൊല്ലം രണ്ടു തികയും മുന്‍പേയാണ് കുടത്തില്‍നിന്നുയര്‍ന്ന ഭൂതമായി മുഡ കേസ് സിദ്ധരാമയ്യയെ പിടികൂടിയത്. രാജിവെക്കേണ്ടി വന്നാല്‍ ആരാകും സിദ്ധരാമയ്യയുടെ പിന്‍ഗാമി?. കിങ് മേക്കര്‍ ഡി.കെ. ശിവകുമാര്‍ ആകുമോ അതോ ജാതി-മത സമവാക്യങ്ങളുടെ ഫലത്തില്‍ മറ്റൊരു മുഖമോ?. അങ്ങനെയെങ്കില്‍ സതീഷ് ജര്‍ക്കിഹോളിക്ക് സാധ്യത തെളിയുമോ. അതോ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെത്തുമോ ഹോം ഗ്രൗണ്ടിലേക്ക്? സിദ്ധരാമയ്യ വീണാല്‍ ആര്‍ക്കാകും മുഖ്യമന്ത്രിപദം ലഭിക്കുക?.
എന്താണ് മുഡ കേസ്
സിദ്ധരാമയ്യയുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാളാണ് മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ മുഡയുടെ ഭൂമിയിടപാട് കേസ്. മുഡ, ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള്‍ മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്‍കി എന്നതാണ് മുഡ അഴിമതി.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള്‍ പകരം നല്‍കിയെന്നുമാണ് ആരോപണം. പാര്‍വതിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് പകരം നല്‍കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൂവായിരം കോടി മുതല്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
മലയാളിയായി സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. ഏബ്രഹാം ഉള്‍പ്പെടെ മൂന്നുപേരാണ് മുഡ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. ഏബ്രഹാമിന്റെ പരാതിയില്‍ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മുഡയിലെ ഉന്നതോദ്യഗസ്ഥര്‍ എന്നിവരുടെ പേരുണ്ടായിരുന്നു. മൈസൂരുവില്‍ 14 പ്ലോട്ടുകള്‍ പാര്‍വതിക്ക് അനുവദിച്ചത് നിയമാനുസൃതം അല്ലെന്നം 45 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം 1998-ല്‍ ഭാര്യക്ക് അവരുടെ സഹോദരന്‍ സമ്മാനിച്ചതാണ് ആരോപണ വിധേയമായ കൈമാറ്റത്തില്‍ ഉള്‍പ്പെട്ട ഭൂമിയെന്നാണ് സിദ്ധരാമയ്യയുടെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നും മല്ലികാര്‍ജുനസ്വാമി അനധികൃതമായാണ് ഈ ഭൂമി സ്വന്തമാക്കിയതെന്നും വ്യാജരേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും മറ്റൊരു സാമൂഹികപ്രവര്‍ത്തകന്‍ സ്‌നേഹമയി കൃഷ്ണ ആരോപിക്കുന്നു. 2014-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതിക്ക് ഭൂമി അനുവദിച്ച് കൊടുത്തത്.
സിദ്ധരാമയ്യ രാജിവെച്ചാല്‍ അടുത്ത സാധ്യത ആര്‍ക്ക്
മുഡ ആരോപണം ഉയര്‍ന്നതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള സമ്മര്‍ദം കോണ്‍ഗ്രസിനു മീതേയുണ്ട്. ഉപമുഖ്യമന്ത്രിയും നിയമസഭ തിരഞ്ഞെടുപ്പിലെ വിജയശില്‍പിയുമായ ഡി.കെ. ശിവകുമാറിനാണ് പലരും സാധ്യത കല്‍പിക്കുന്നത്. പൊതുമരാമത്ത് വകുപ്പു മന്ത്രി സതീഷ് ജര്‍ക്കിഹോളിക്കു വേണ്ടിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു വേണ്ടിയും ആവശ്യമുയരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. ഞാന്‍ വീണ്ടും പറയുന്നു, മുഖ്യമന്ത്രി യാതൊരുവിധ തിരിച്ചടിയും നേരിട്ടിട്ടില്ല. ഇത് ഞങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും നേരെയുള്ള വലിയ ഗൂഢാലോചനയാണ്, ഞാന്‍ ഉള്‍പ്പെടെ ഇത് നേരത്തെ നേരിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച് ഞാന്‍ പുറത്തെത്തിയില്ലേ. അതുകൊണ്ട് ഞങ്ങള്‍ ഇതിനെതിരേ പൊരുതും. രാജ്യത്തെ നിയമസംവിധാനത്തോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്. നീതിപീഠത്തില്‍നിന്ന് അനീതി ഉണ്ടാവുകയില്ല. ഞങ്ങള്‍ക്ക് നീതി ലഭിക്കും എന്നായിരുന്നു ശിവകുമാറിന്റെ വാക്കുകള്‍.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയശില്‍പി എന്ന നിലയക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാറിന് ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി. ഇതോടെ ശിവകുമാര്‍ കലഹം പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനവും പി.സി.സി. അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള അനുമതിയും നല്‍കിക്കൊണ്ടാണ് അന്ന് ഹൈക്കമാന്‍ഡ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കിയത്. ജാതിമത സമവാക്യങ്ങളും ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയും സംസ്ഥാനമെങ്ങുമുള്ള ജനകീയതയുമാണ് സിദ്ധരാമയ്യക്ക് തുണയായത്. ജാതിമത സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് വൊക്കലിഗ സമുദായത്തില്‍നിന്നുള്ള ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിപ്പെട്ടാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ല.
സതീഷ് ജര്‍ക്കിഹോളി
സതീഷ് ജര്‍ക്കിഹോളി
സിദ്ധരാമയ്യ രാജിവെച്ചാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍ സതീഷ് ജര്‍ക്കിഹോളിയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമന്ത്രി കൂടിയായ സതീഷ്, പിന്നാക്കവിഭാഗത്തില്‍നിന്നുള്ള കരുത്തനായ നേതാവു കൂടിയാണ്. സെപ്റ്റംബര്‍ ആദ്യവാരം സതീഷ് ഡല്‍ഹിയിലെത്തുകയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജനപ്രീതിയുള്ള നേതാവാണ് ഇദ്ദേഹം. എസ്.ടി. വിഭാഗത്തില്‍നിന്നുള്ള 15 പേരുടേത് ഉള്‍പ്പെടെ 30 എം.എല്‍.എമാരുടെ പിന്തുണയുമുണ്ട്. സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്നപക്ഷം സിദ്ധരാമയ്യയ്ക്കും സതീഷിനെ മുഖ്യമന്ത്രിയാക്കാനാകും താല്‍പര്യമെന്ന് പാര്‍ട്ടിയിലെ ചിലവൃത്തങ്ങള്‍ സൂചന നല്‍കൂന്നുമുണ്ട്. മൂന്ന് എം.എല്‍.എമാരും ഒരു എം.എല്‍.സിയും ഒരു എം.പിയുമുള്ള ജര്‍ക്കിഹോളി കുടുംബവമായി അടുത്തബന്ധമാണ് സിദ്ധരാമയ്യയ്ക്കുള്ളത്.

