KSDLIVENEWS

Real news for everyone

കൊറക്കോട്ടും പരിസരത്തും മലിനജലപ്രശ്നം; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം

SHARE THIS ON

കാസർകോട്: കൊറക്കോട്ടും പരിസരങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിനും പരിസര ശുചിത്വത്തിനും ഭീഷണിയായി  ഒഴുക്കിവിടുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്താൻ സൗജന്യമായി സ്ഥലം നൽകാൻ തയാറാണെന്ന് നാട്ടുകാർ.കൊറക്കോട് വയലിൽ കൃഷി ചെയ്യാൻ പോലും കഴിയാത്ത വിധം മലിനജലം തുറന്നുവിടുന്നതിനു എതിരെ നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി  പരാതി നൽകിയ എ.വി.രാഘവൻ, കെ.ഗംഗാധരൻ എന്നിവരാണ്   മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ ഇക്കാര്യം അറിയിച്ചത്. 

നഗരസഭ പരിധിയിൽ എല്ലാ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മലിനജലം തടഞ്ഞുനിർത്തി ദുർഗന്ധം അകറ്റി പുനരുപയോഗം നടത്തുന്നതിനു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  ഒരു കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്റ് ജില്ലാ ശുചിത്വമിഷൻ സഹായത്തോടെ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി കമ്മിഷൻ മുൻപാകെ നഗരസഭ സെക്രട്ടറി അറിയിച്ചു. 

എന്നാൽ കൊറക്കോട് നിന്നു ഒരു കിലോമീറ്റർ അകലെയുള്ള പുതിയ ബസ് സ്റ്റാൻഡ് പരിസരം കൊറക്കോട് പ്രദേശത്തെ ഭൂനിരപ്പിൽ നിന്നു 3 മീറ്റർ ഉയരത്തിൽ ആണെന്നും കൊറക്കോട് മലിനജല പ്രശ്നത്തിനു അതു കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. 2023–24,  2024–25 വർഷങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ഡ്രെയ്നേജ് വൃത്തിയാക്കാനും അറ്റകുറ്റപ്പണി ചെയ്യാനും 6 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനു അടുത്ത സിറ്റിങ്ങിൽ  വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ  നഗരസഭ സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!