KSDLIVENEWS

Real news for everyone

ചന്ദ്രഗിരിപ്പാലത്തിൽ ഗതാഗത നിയന്ത്രണം;
ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാർ

SHARE THIS ON

പൊയിനാച്ചി: സംസ്ഥാനപാതയിൽ ചന്ദ്രഗിരിപ്പാലത്തിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ചന്ദ്രഗിരിപ്പാലത്തിനും കാസർകോട് പ്രസ് ക്ലബ് ജങ്ഷനുമിടയിൽ നവീകരണത്തിനായി 19-നാണ് റോഡ് അടച്ചത്. ഇതേത്തുടർന്ന് ഒരാഴ്ചയായി ദേശീയപാതയിലൂടെയാണ് മുഴുവൻ വാഹനങ്ങളും പോകുന്നത്.

ചട്ടഞ്ചാൽ മുതൽ കാസർകോട് നഗരം വരെ കുരുക്കാണ്. രാവിലെ എട്ടിനും പത്തിനും ഇടയിലും വൈകീട്ട് 3.30-നും ആറിനും ഇടയിലാണ് സ്ഥിതി രൂക്ഷം.

ദേശീയപാതാനിർമാണം പുരോഗമിക്കുന്നതും കഴിഞ്ഞദിവസം വീണ്ടും തുടങ്ങിയ മഴയും യാത്ര ദുരിതപൂർണമാക്കുന്നതിനിടെ വാഹനങ്ങൾ കേടായി തുടർച്ചയായി വഴിമുടക്കുന്നതും തലവേദനയാണ്. ചൊവ്വാഴ്ച തെക്കിലിൽ കുടുങ്ങിയ പിക്കപ്പ് ഇന്റർസെപ്റ്റർ വാഹനം സബ് ഇൻസ്പെക്ടർ എൻ. രഘുനാഥനും മറ്റു പോലീസുകാരും ചേർന്ന് തള്ളിനീക്കിയാണ് മാറ്റിയത്.

രണ്ടുദിവസം മുൻപ് തെക്കിലിൽ ഡീസൽ തീർന്ന ചരക്കുലോറി റോഡിൽ നിന്നപ്പോൾ രാത്രി മൂന്നുമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ബേവിഞ്ച, ചെർക്കള, നായന്മാർമൂല, വിദ്യാനഗർ, അണങ്കൂർ ഭാഗങ്ങളിലാണ് തടസ്സം കൂടുതലും.

പൂർണമായി തുറക്കാതെ സർവീസ് റോഡുകൾ

ദേശീയപാതയിൽ സർവീസ് റോഡുകൾ എവിടെയും പൂർണമായി തുറന്നുകൊടുത്തിട്ടുമില്ല.

ചെർക്കള പാണലം മുതൽ അണങ്കൂർ വരെ സർവീസ് റോഡിലാണ് ഏറ്റവും കുരുക്ക്. സർവീസ് റോഡിന് വീതി കുറവായതിനാൽ ബസുകൾ റോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഈ സമയം മറ്റുവാഹനങ്ങൾക്ക് മറികടന്നുപോകാൻ വഴിയില്ല. ഇതിനിടെ ചെറിയ വിടവിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോകളും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് പൊല്ലാപ്പാകുന്നു. സമയത്തിന് കളക്ടറേറ്റിലും കോടതിയിലും മറ്റും എത്തേണ്ടവരും വിദ്യാർഥികളും മണിക്കൂറുകൾ നേരത്തേ പുറപ്പെടേണ്ട സ്ഥിതിയാണ്. ബസുകൾക്ക് കൃത്യസമയം പാലിക്കാനാകുന്നില്ല.

ചരക്കുവാഹനങ്ങൾ സർവീസ് റോഡിൽ

ചരക്ക്-കണ്ടെയ്നർ ലോറികൾക്കും ടാങ്കർലോറികൾക്കും ദേശീയപാത ഒഴിവാക്കി പോകാൻ മറ്റു റൂട്ടുകൾ നിർദേശിച്ചിട്ടുണ്ടെങ്കിലും ചില വലിയ വാഹനങ്ങൾ സർവീസ് റോഡിലൂടെതന്നെയാണ് പോകുന്നത്. തെക്കിലിലൂടെയുള്ള യാത്ര ഒഴിവാക്കി കാസർകോട്ടെത്താൻ ദേശീയപാതയിൽനിന്ന് വേറെ നല്ല വഴികളില്ല.അതേസമയം തെക്കിൽ, ബേവിഞ്ച ഭാഗത്തെ വളവുകളും കയറ്റവും ഒഴിവാക്കാൻ ദീർഘദൂരവാഹനങ്ങൾ നേരത്തേ ചന്ദ്രഗിരി പാതയാണ് തിരഞ്ഞെടുത്തിരുന്നത്.

തെക്കിൽപ്പാലത്തിൽനിന്ന് പുഴക്കരയിലൂടെ പെരുമ്പളക്കടവ് വഴി നായന്മാർമൂലയിൽ എത്താവുന്ന 60 കോടിയുടെ ബൈപ്പാസ് റോഡ്‌ പദ്ധതിക്ക് കിഫ്ബിയിൽ അനുമതി ലഭിച്ചിട്ടും സ്ഥലമേറ്റെടുക്കൽ പ്രശ്നത്തിൽ തട്ടി നഷ്ടപ്പെട്ടു.

തെക്കിൽ റൂട്ടിൽ യാത്ര തടസ്സപ്പെട്ടാൽ ചന്ദ്രഗിരിപ്പാലം വഴിയായിരുന്നു വാഹനങ്ങളെ വഴിതിരിച്ചുവിട്ടിരുന്നത്. അതും മുടങ്ങിയതോടെയാണ് യാത്രക്കാർ ത്രിശങ്കുവിലായത്. ദിവസങ്ങളോളം ഈ ദുരിതം തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!