ലോറിയിൽ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലെത്തിച്ചു; ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക ഡിഎൻഎ ഫലം വന്നശേഷം

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനില്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു.
രണ്ടു ദിവസത്തിനകംതന്നെ ഡിഎന്‍എ പരിശോധനാഫലം ലഭിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളത്. അര്‍ജുന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹത്തില്‍നിന്നുള്ള സാമ്പിളും ശേഖരിക്കും. മറ്റു നടപടിക്രമങ്ങളും നടന്നുവരികയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ജൂലായ് 16-നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭ്യമാകണം.
പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതിനോടകം എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതോടെ ഇവിടുത്തെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇനിയും രണ്ട് പേരേക്കൂടി കണ്ടെത്താനുള്ളതിനാല്‍ പുഴയില്‍ ഡ്രഡ്ജിങ് നടത്തിയുള്ള ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ ലോറി പൂര്‍ണമായും കരയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്ക് കയറ്റിയത്.

