KSDLIVENEWS

Real news for everyone

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; മുംബൈ മഴക്കെടുതിയില്‍ മരണം നാലായി

SHARE THIS ON

മുംബൈ: ശക്തമായ മഴയെ തുടർന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബ്രിഹൻ മുംബയ് മുനിസിപ്പല്‍ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു.
മഴ കാരണമുണ്ടായ അപകടങ്ങളില്‍ നാലുപേരാണ് മരിച്ചത്. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകള്‍ വഴിതിരിച്ചുവിട്ടു. ഇന്നും മഴ കനക്കുമെന്നാണ് അറിയിപ്പ്. പൂനെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നിവിടങ്ങളില്‍ റെഡ് അലർട്ടും പാല്‍ഘറില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലത്തെ അപ്രതീക്ഷിത മഴ കാരണമുണ്ടായ വെള്ളക്കെട്ടും ഗതാഗത തടസവും ജനങ്ങളെ ഏറെ വലച്ചു. മിന്നലോടുകൂടിയ മഴ വൈകിട്ട് നാലുമണിയോടെ ആണ് ശക്തിപ്രാപിച്ചത്. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയതിനെ തുടർന്ന് മദ്ധ്യ റെയില്‍വേയിലെ മെയിൻ ലൈനില്‍ ഗതാഗതം തടസപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കല്‍ ട്രെയിനുകള്‍ വൈകി. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തു.

മുളുണ്ട്, ഭാണ്ഡൂപ് മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവി മുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്‌തു. സിന്ധുഗുർഗ്, പാല്‍ഘർ മേഖലകളിലും രത്നാഗിരിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വസായ് മേഖലയില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന മഴയെത്തുടർന്നാണ് റോഡുകളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.

മുംബയ് – അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി -ഭിവണ്ടി റോഡ്, താനെ ഗോഡ്‌ബന്ദർ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് കാരണം മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി. വിളവെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പെയ്‌ത മഴയില്‍ ഗ്രാമീണ മേഖലയില്‍ കനത്ത കൃഷിനാശവും റിപ്പോർട്ട് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!