അർജുന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി കേരളം, വഴിനീളെ അന്ത്യാഞ്ജലിയർപ്പിച്ച് ജനം; വിലാപയാത്ര വീട്ടിലേക്ക്

കോഴിക്കോട് : ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കണ്ണാടിക്കലിലെ വീട്ടിൽ നടത്തുന്ന സംസ്കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും.
അർജുനെ കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കാനുമായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലാപയാത്ര സംഘടിപ്പിക്കും. പൊതുജനങ്ങളും മോട്ടർ വാഹന തൊഴിലാളികളും ഉടമകളും വിലാപയാത്രയിൽ പങ്കെടുക്കും. വീട്ടിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാരം. വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങി എല്ലാവരും അർജുന്റെ ഓർമകളിൽ ഒത്തുചേരും.
ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.

