യു.എൻ. ‘പഴയ കമ്പനി’ പോലെ, ലോകത്തെ സംഘർഷങ്ങളിൽ അവർ എവിടെ നിൽക്കുന്നു; വിമർശിച്ച് ജയ്ശങ്കർ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ (യു.എൻ.) ‘പഴയ കമ്പനി’ പോലെയാണെന്നും ഇന്നത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പ്രസംഗിക്കുമ്പോഴായിരുന്നു വിമർശനം.
യു.എൻ. പഴയ കമ്പനിപോലെയാണ്. ലോകത്ത് രണ്ട് ഗുരുതര സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ യു.എൻ. എവിടെനിൽക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
രണ്ടാംലോകയുദ്ധാനന്തരം 1945-ൽ രൂപംകൊണ്ട യു.എന്നിന്റെ ഘടന പരിഷ്കരിക്കണമെന്നും രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായി കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും ഏതാനുംവർഷമായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ ലോകത്ത് വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട് കൂടുതൽ രാജ്യങ്ങൾ ഒന്നിച്ച് തീരുമാനങ്ങളെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇന്ത്യയുടെ പങ്കിനെയും വെല്ലുവിളികളെയും കുറിച്ചും മന്ത്രി സംസാരിച്ചു. ശ്രീലങ്കയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

