KSDLIVENEWS

Real news for everyone

15 വയസ്സിനു താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം, 22 മരണം; ഗുജറാത്തിൽ ചാന്ദിപുര വൈറസിനെതിരെ അതീവ ജാഗ്രത

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിലെ ചാന്ദിപുര വൈറസ് വ്യാപനത്തിൽ അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 15 വയസ്സിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി. വിവിധ ജില്ലകളിലായി രോഗബാധിതരെന്നു സംശയിക്കുന്ന 184 കേസുകളിൽ 35 എണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചു. ഇതുവരെ രോഗംബാധിച്ച് 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗാന്ധിനഗർ, സബർകാന്ത-ഹിമ്മത്നഗർ, പഠാൻ, രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിലായി ഏഴുരോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. പലപ്രദേശങ്ങളിലായി രോഗികളുടെ നിരക്ക് ഉയരുന്നതിനാൽ പ്രതിരോധനടപടികൾ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ശിശുരോഗാശുപത്രികളിൽ രോഗലക്ഷണവുമായി എത്തുന്നവരെ ഉടനടി അഡ്മിറ്റ് ആക്കാനും അടിയന്തര സേവനങ്ങൾ ലഭ്യമാക്കാനും നിർദേശമുണ്ട്. രോഗവ്യാപനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവഗണിക്കാനും ആരോഗ്യപ്രവർത്തകരോട് ചികിത്സയുമായി സഹകരിക്കാനും ആരോഗ്യമന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു.

പനി, ഛർദ്ദി, ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങൾ കുട്ടികളിൽ കാണുകയാണെങ്കിൽ അടുത്തുള്ള സർക്കാർ ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

നിലവിൽ ചാന്ദിപുര വൈറസിന് പ്രത്യേക വാക്സിനോ മരുന്നോ ലഭ്യമല്ല. ഫലപ്രദമായ വാക്സിനുകളും ചികിത്സകളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. 2024 ജൂലായിലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗം കൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

പേരിനുപിന്നിൽ

ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ചാന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്.

ചികിത്സ

ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്. ആന്റിറെട്രോവൈറൽ തെറാപ്പിയോ, വാക്സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളിൽ രോഗം ഗുരുതരമാകുമെന്നതാണ് സങ്കീർണമാക്കുന്നത്.

error: Content is protected !!