അജിത്കുമാറിനെ മാറ്റിയത് തൊലിപ്പുറത്തെ ചികിത്സ; CPIയെ കളിയാക്കുന്ന നടപടി -കെ.സി വേണുഗോപാല്‍

ആലപ്പുഴ: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത് തൊലിപ്പുറത്തെ ചികിത്സയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങള്‍ക്കറിയില്ല. എന്തിനാണ് മാറ്റിയതെന്നും ഉത്തരവിലില്ല. സ്വന്തം മുന്നണിയിലെ ഘടകകക്ഷികള്‍ പോലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പേരിന് എന്തൊക്കെയോ വരുത്തിതീര്‍ത്ത് തടിതപ്പാനുള്ള ശ്രമമാണ്. ഗൗരവതരമായ വിഷയത്തില്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഉത്തരവിറക്കി മുഖ്യമന്ത്രി സി.പി.ഐ.യെ കളിയാക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം നിലവാരമാണ് കാണിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ മാത്രമല്ല, മാധ്യമങ്ങളുടെ മൈക്കും കട്ടാക്കുന്നു. അസഹിഷ്ണുതയുടെ പര്യായമാണ് സര്‍ക്കാര്‍. സ്പീക്കര്‍ മുഖ്യമന്ത്രിയെക്കാള്‍ അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

