KSDLIVENEWS

Real news for everyone

നീലേശ്വരം വെടിക്കെട്ടപകടം: പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ, രണ്ടുപേർ കസ്റ്റഡിയിൽ

SHARE THIS ON

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കാളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെയാണ് പടക്കശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കളിയാട്ടത്തിനെത്തിയ ആളുകൾ കൂടിനിന്നിരുന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പടക്കശേഖരമുണ്ടായിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കും.

ഉത്സവസ്ഥലങ്ങളിൽ നിയമംപാലിച്ചാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറും പോലീസ് മേധാവി ഡി.ശില്പയും പറഞ്ഞു. അനുമതിയില്ലാതെ ഇവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.


അഗ്നിരക്ഷാസേന എത്താൻ പ്രയാസപ്പെട്ടു

അപകടസ്ഥലത്തേക്കെത്താൻ അഗ്നിരക്ഷാസേന ഏറെ പ്രയാസപ്പെട്ടു. ഇടുങ്ങിയ റോഡുകളും വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടതുമാണ് പ്രശ്നമായത്. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ നീലേശ്വരം പോലീസ് സ്റ്റേഷൻ-തെരു റോഡ് അടച്ചിരുന്നു. ഈ റോഡ് പിന്നീട് തുറന്നെങ്കിലും ഗതാഗതം സുഗമമായില്ല.

ആംബുലൻസുകൾ കുതിച്ചെത്തി

പൊട്ടിത്തെറിയിൽ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാൻ പ്രദേശത്തെ ആംബുലൻസുകൾ സ്വയംസന്നദ്ധരായി രംഗത്തെത്തി. അതിനാൽ സമയമൊട്ടും പാഴാക്കാതെ ഇവരെ ആസ്പത്രിയിലെത്തിക്കാനായി. കണ്ണൂരിലേക്കും മംഗളൂരുവിലേക്കുമെല്ലാമുള്ള ആസ്പത്രികളിലേക്ക് ഇവർ പൊള്ളലേറ്റവരുമായി കുതിച്ചുപാഞ്ഞു.

കൈ മെയ് മറന്ന് രക്ഷാപ്രവർത്തനം

നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ആസ്പത്രി ജീവനക്കാരുമെല്ലാം ചേർന്ന് കൈമെയ് മറുന്നുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്. രാത്രി ഏറെ വൈകിയാണ് അപകടമുണ്ടായതെങ്കിലും പരിക്കേറ്റവരെ സമയമൊട്ടും പാഴാക്കാതെ ആസ്പത്രികളിലെത്തിക്കാനായി എല്ലാവരും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു.

ജില്ലാ ആസ്പത്രിയിൽനിന്ന് ജോലി കഴിഞ്ഞ് പോയവരെ അടിയന്തര സാഹചര്യമായതിനാൽ തിരികെ വിളിച്ചു. പൊള്ളലേറ്റവർക്ക് മരുന്ന് പുരട്ടാനും മറ്റും നാട്ടുകാരും സഹായിച്ചു. നീലേശ്വരം, ചന്തേര, ചീമേനി പോലീസും സ്ഥലത്തുണ്ടായിരുന്നു.

ഡി.ഐ.ജി സ്ഥലത്തെത്തി

അപകടമുണ്ടായ സ്ഥലം കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാജ്പാൽ മീണ സന്ദർശിച്ചു. കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി. ജില്ലാ ആസ്പത്രിയിലുൾപ്പെടെയെത്തി പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. പുലർച്ചെ 2.30-ഓടെയാണ് അദ്ദേഹം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!