റഷ്യയ്ക്കുവേണ്ടി പതിനായിരം ഉത്തരകൊറിയൻ സൈനികര്‍; റഷ്യ-യുക്രൈൻ യുദ്ധം പുതിയ തലത്തിലേക്ക്

സിയോള്‍: റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്ബോള്‍ പോരാട്ടത്തിന്റെ രീതിയും സ്വഭാവവും മാറുകയാണ്.
വിജയം എളുപ്പമാവില്ല എന്ന തിരിച്ചറിവ് റഷ്യയ്ക്കുണ്ടായതോടെ അവരെ സഹായിക്കാനായി ഉത്തരകൊറിയയില്‍ നിന്നും സൈനികർ യുദ്ധമുഖത്തേക്കെത്തിയിരിക്കുകയാണിപ്പോള്‍. ഏകദേശം പതിനായിരത്തിലധികം ഉത്തരകൊറിയൻ സൈനികർ പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍ യുക്രൈനിലെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്.
യുക്രൈൻ യുദ്ധഭൂമിയിലെ പരിചയക്കുറവും കാലാവസ്ഥയുമെല്ലാം ഉത്തരകൊറിയൻ സൈനികർക്ക് തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുമ്ബോഴും ഒരുവിഭാഗം സൈനികർ ഇപ്പോള്‍ തന്നെറഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. വലിയ വെല്ലുവിളി മുന്നില്‍ നില്‍ക്കുമ്ബോഴും രാജ്യത്തിന് പുറത്തെ സൈനിക സേവനത്തിലൂടെ കൂടുതല്‍ പണം സമ്ബാദിക്കാമെന്ന കണക്കുകൂട്ടലാണ് സൈനികരെ യുക്രൈനിലേക്ക് ആകർഷിക്കുന്നത്.
എന്നാല്‍ ഉത്തരകൊറിയൻ സൈനികരെ യുക്രൈനിലേക്ക് അയക്കുന്നത് വലിയ സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഉത്തരകൊറിയയുടെ സൈനിക വിന്യാസം പോരാട്ടത്തിന് നിർണായക മാറ്റമുണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയും ദക്ഷിണ കൊറിയയുമായെല്ലാം ഇപ്പോള്‍ തന്നെ കലഹത്തിലാണ് ഉത്തരകൊറിയൻ സൈന്യവും കിം ജോം ഉന്നുമെല്ലാം. ഈയൊരു സാഹചര്യത്തിനിടെ ഉത്തരകൊറിയൻ സൈന്യത്തെ യുക്രൈനിലേക്കയക്കാനുള്ള കിമ്മിന്റെ നീക്കത്തെ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. കൂടുതല്‍ വിദേശപണം നേടുക എന്ന കിമ്മിന്റെ താല്‍പര്യമാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ഭാവിയില്‍ റഷ്യൻ സൈന്യത്തിന്റെ പിന്തുണ തനിക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യവും കിമ്മിനുണ്ടെന്നാണ് കരുതപ്പെടുന്നത്.
യുക്രൈനെ പെട്ടെന്ന് കീഴടക്കാൻ കഴിയുമെന്ന് കരുതിയായിരുന്നു റഷ്യ മൂന്ന് വർഷം മുമ്ബ് യുദ്ധത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ് അവർക്കുണ്ടായത്. ലോകരാജ്യങ്ങളില്‍ നിന്ന് വലിയ പിന്തുണയും യുക്രൈനിന് ലഭിച്ചു. ഇതോടെയാണ് പുതിയ യുദ്ധതന്ത്രമെന്ന നിലയില്‍ ഉത്തരകൊറിയയുമായി സൈനിക കരാറുണ്ടാക്കുന്നതിലേക്ക് പുതിൻ എത്തിയത്.

