KSDLIVENEWS

Real news for everyone

ദിവ്യയെ CPM സംരക്ഷിക്കുന്നു, നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല – കെ. സുധാകരന്‍ 

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഎം എടുത്തിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ദിവ്യക്കെതിരെ പാര്‍ട്ടി നിലപാടുകളൊന്നും എടുക്കാത്തത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ ചെയ്യുന്നതാണ് സിപിഎമ്മിന്റെ ശൈലി. ദിവ്യയെ സംരക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞതാണ്. എന്തുവിലകൊടുത്തും അവര്‍ അത് ചെയ്യും. ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ? ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും ദിവ്യയെ സസ്‌പെന്‍ഡ് ചെയ്‌തോ? ദിവ്യയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്റെ തെളിവാണിത്, കെ. സുധാകരന്‍ പറഞ്ഞു.

സംഭവത്തില്‍ നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ഈ കേസ് കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടാകും എന്നും തോന്നുന്നില്ല. അതുകൊണ്ടാണ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇടതുസര്‍ക്കാര്‍ കണ്ണൂര്‍ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്നും തോന്നുന്നത്, അദ്ദേഹം പറഞ്ഞു.

അതേസമയം, പാലക്കാട് പ്രചാരണത്തിന് കെ. മുരളീധരന്‍ എത്തുമെന്നും ഡിസിസി കത്തില്‍ കാര്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പുറത്തുവന്ന കത്തില്‍ കാര്യമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം എടുത്തു, നോമിനേഷനും കൊടുത്തു. കത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തല്‍ക്കാലം വിവാദങ്ങളൊന്നുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!