ജീവൻ അപകടത്തിലാകുന്ന തരത്തിൽ വാഹനമോടിച്ചു’: കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേർത്ത് എഫ്ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ പിന്നീടാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ തെന്നി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതൽ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.

