ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ബെയ്ത് ലാഹിയയിലെ ആശുപത്രിയിലും അല്‍മവാസി അഭയാര്‍ഥി ക്യാമ്പിലും ആക്രമണം

ഗസ്സ സിറ്റി: ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ബെയ്ത് ലാഹിയയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 20 പേർക്ക് പരിക്കേറ്റു.
പരിമിതികളോടെ പ്രവര്‍ത്തിക്കുന്ന വടക്കൻ ഗസ്സയിലെ കമല്‍ അദ്‌വാൻ ആശുപത്രിക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി.
സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു. 24 മണിക്കൂറിനുള്ളില്‍ 58 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. അല്‍ മവാസിയിലെ അഭയാർഥി ക്യാമ്ബില്‍ മിസൈല്‍ പതിച്ച് എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്ബ് ലക്ഷ്യംവെച്ചും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകള്‍. അതേസമയം കഴിഞ്ഞ ഞായറാഴ്ചയും ഗസ്സ സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയതായി യുഎൻ വ്യക്തമാക്കി.
തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേല്‍. അല്‍-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീൻ അഭയാർത്ഥികള്‍ക്കായുള്ള യുഎൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) തലവൻ ഫിലിപ്പ് ലസാരിനി രംഗത്ത് എത്തി. സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ സാധാരണ സംഭവങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

