KSDLIVENEWS

Real news for everyone

NCC കേഡറ്റുകള്‍ക്ക് ഭക്ഷ്യവിഷബാധ: അടിയന്തര അന്വേഷണത്തിന് ഉത്തരവ്,ബ്രിഗേഡിയര്‍ റാങ്ക് ഓഫീസർക്ക് ചുമതല

SHARE THIS ON

കൊച്ചി: തൃക്കാക്കര കെ.എം. എം. കോളേജിലെ എന്‍.സി.സി. ക്യാമ്പില്‍ കേഡറ്റുകള്‍ക്കുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിഗേഡിയര്‍ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്‍.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയന്റെ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടാത്.

അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബ്രിഗേഡിയര്‍ എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ജി. സുരേഷ് കൊല്ലത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ടാണ് ഒഫീഷ്യേറ്റിങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി ഉത്തരവിറക്കിയിരിക്കുന്നത്.

എന്‍.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയന്‍ എന്‍.സി.സി. തൃക്കാക്കര കെ.എം. എം. കോളേജില്‍ വച്ച് 21 ഡിസംബര്‍ 2024 മുതല്‍ 30 ഡിസംബര്‍ 2024 വരെയുളള പത്ത് ദിവസത്തെ കമ്പയിന്‍ഡ് വാര്‍ഷിക ട്രെയിനിംഗ് ക്യാമ്പാണ് (CATC) നടന്നിരുന്നത്. ക്യാമ്പില്‍ 513 കേഡറ്റുകളില്‍ 283 ആണ്‍കുട്ടികളും 235 പെണ്‍കുട്ടികളുമാണ് പങ്കെടുത്തിരുന്നത്.

ക്യാമ്പില്‍ തിങ്കളാഴ്ച രാത്രിയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ പലരും ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് 72 വിദ്യാര്‍ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോളേജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നത്. കളമശ്ശേരിയിലും തൃക്കാക്കരയിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതിനാല്‍ ഈ വെള്ളമാണോ പ്രശ്‌നമുണ്ടാക്കിയത് എന്ന സംശയവുമുണ്ടായിരുന്നു.

സംഭവമറിഞ്ഞ് ക്യാമ്പിലെത്തിയ രക്ഷിതാക്കള്‍ ഗേറ്റ് തള്ളിത്തുറന്ന് കോളേജിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നല്‍കിയതിനുശേഷം 26 ഡിസംബര്‍ 2024 ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യേറ്റിങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!