ജില് ബൈഡന് 2023ല്‍ ലഭിച്ച വിശേഷപ്പെട്ട സമ്മാനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഏറ്റവും വില കൂടിയ സമ്മാനം നല്‍കിയത് മോദി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന് 2023ല്‍ ലഭിച്ച ഏറ്റവും വിലകൂടിയ സമ്മാനം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മോദിയുടെ വിശേഷപ്പെട്ട സമ്മാനത്തിന്റെ വിവരങ്ങളുള്ളത്. മോദി യുഎസ് പ്രഥമ വനിത ജില് ബൈഡന് കൊടുത്ത സമ്മാനം എന്തെന്നല്ലേ?
ബൈഡന് കുടുംബത്തിന് അതേ വര്‍ഷം ഏതെങ്കിലും ലോക നേതാക്കളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലയേറിയ സമ്മാനമാണ് ഈ 7.5 കാരറ്റ് വജ്രം. ഇക്കാലയളവില്‍ ബൈഡന് കുടുംബത്തിന് നിരവധി ലോകനേതാക്കള്‍ വിലക്കൂടിയ നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുക്രൈന് അംബാസിഡര്‍ ജില് ബൈഡന് നല്കിയ ബ്രൂച്ച് ഇതില്‍ എടുത്തുപറയേണ്ടതാണ്. 14063 ഡോളറായിരുന്നു ഇതിന്റെ വില. ഈജിപ്ഷ്യന്‍ പ്രഥമ വനിത ജില്ലിന് സമ്മാനിച്ച ഫോട്ടോ ആല്‍ബത്തിനും ബ്രേസ്ലെറ്റിനും ഏകദേശം 4510 ഡോളര്‍ വില വരും.
ജില്ലിന് മാത്രമല്ല പ്രസിഡന്റ് ബൈഡനും ഇതേ കാലയളവില്‍ വിശേഷപ്പെട്ട നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് സുക് യോള്‍ യൂണ് നല്കിയ ഫോട്ടോ ആല്‍ബത്തിന് മാത്രം 7100 ഡോളര്‍ വില വരും. മംഗോളിയന്‍ പ്രസിഡന്റ് 3495 ഡോളറിന്റെ ഒരു മംഗോളിയന്‍ ശില്‍പ്പമാണ് ബൈഡന് സ്നേഹസമ്മാനമായി നല്‍കിയിരുന്നത്. ബ്രൂണെ സുല്‍ത്താന്‍ 3300 ഡോളര്‍ വില വരുന്ന വെള്ളിപ്പാത്രവും 2023ല്‍ ബൈഡന് സമ്മാനിച്ചിരുന്നു. യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി ബൈഡന് സമ്മാനിച്ച ഫോട്ടോ ആല്‍ബത്തിന് 2400 ഡോളര്‍ വിലയുമുണ്ട്.

