ചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ദില്ലി: ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസ് പരിഗണിച്ച വേളയിൽ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാൻ തയാറായില്ല. “ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി രൂക്ഷമായി ആരാഞ്ഞു. ചീഫ് ജസ്റ്റിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താൻ ബോധപൂർവമായ ശ്രമം നടന്നതായാണ് കോടതി വിലയിരുത്തുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ വിശദമായ പരിശോധനകൾക്കായി സുപ്രീം കോടതി ഒരു അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കെപിസിസി ഭാരവാഹികൾ ഈ നോട്ടീസിന് കൃത്യമായ മറുപടി നൽകേണ്ടി വരും.
ഒക്ടോബർ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പോസ്റ്റ് വന്നത്. ‘പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് വൈറലായി.

