KSDLIVENEWS

Real news for everyone

മിതമായ നിരക്കിൽ മെച്ചപ്പെട്ട സേവനം; കേരളത്തിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് വിപുലപ്പെടുത്തും

SHARE THIS ON

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എൽബേഴ്‌സ് പറഞ്ഞു.

“കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് ഇൻഡിഗോയ്ക്ക് ഇപ്പോൾ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുണ്ട്. അതിവേഗം വളരുന്ന വിമാനക്കമ്പനി എന്ന നിലയിൽ സേവനം വിപുലപ്പെടുത്താൻ ഞങ്ങൾ നിർബന്ധിതരാണ്. ഇപ്പോൾ ശരാശരി 2,200-ലേറെ പ്രതിദിന ഫ്ലൈറ്റുകൾ ഞങ്ങൾക്കുണ്ട്. അടുത്തമാസം അവസാനത്തോടെ പുതിയ പ്രോജക്ടുകൾക്ക് അന്തിമരൂപമാവും.”

ഇൻഡിഗോയുടെ വിജയരഹസ്യമെന്താണ്?

മിതമായ നിരക്കിൽ മെച്ചപ്പെട്ട സേവനം യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ രീതി. 2006 ഓഗസ്റ്റിൽ സ്ഥാപനം ആരംഭിച്ചപ്പോൾമുതൽ ഇതിൽ ശ്രദ്ധവെക്കുന്നു. ഈ സമീപനം ഞങ്ങളുടെ സ്വീകാര്യത നിരന്തരം വർധിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവുംവലിയ എയർലൈൻസായിട്ടും ഞങ്ങൾ ഗുണഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽനിന്ന് തെല്ലും പിന്നോട്ടുപോയിട്ടില്ല. ഞങ്ങളുടെ 10 കോടിയിലേറെ യാത്രക്കാർ ഇത് സാക്ഷ്യപ്പെടുത്തുന്നു.

ഗൾഫ് നാടുകളിലേക്ക് കോഴിക്കോടുനിന്ന് കൂടുതൽ സർവീസുകളുണ്ടാവുമോ?

അതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇവിടെനിന്ന് ഗൾഫിലേക്ക് ധാരാളം യാത്രക്കാരുണ്ടെന്നതറിയാം. സ്വാഭാവികമായും ഗൾഫ് കണക്ടിവിറ്റി വർധിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ കോഴിക്കോടുനിന്ന് എട്ട് ആഭ്യന്തര സർവീസുകളും നാല് അന്താരാഷ്ട്ര ഫ്ളൈറ്റുകളും ഞങ്ങൾക്കുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള കൂടുതൽ ഫ്ളൈറ്റുകൾ ആരംഭിക്കാനും ഉദ്ദേശ്യമുണ്ട്.

ഇൻഡിഗോയുടെ കേരളത്തിലെ വിപണിവിഹിതം എത്രയാണ്?

കേരളത്തിലെ മാത്രമായി അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യയിൽ 63.6 ശതമാനമാണ്. 90 സ്ഥലങ്ങളിലേക്ക് ആഭ്യന്തര ഫ്ളൈറ്റുകളും 38 കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ഫ്ളൈറ്റുകളും. മൊത്തം 128.

ഇതിൽ 20 എണ്ണം കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വർധിച്ചതാണ്. ഞങ്ങൾ ലോകത്തെ ഏറ്റവുംവലിയ ഏഴാമത്തെ വിമാനക്കമ്പനിയാണ്. ലോകത്തെ വിദൂരവും വ്യത്യസ്തവുമായ സ്ഥലങ്ങളിലേക്ക് ഞങ്ങൾ സർവീസ് നടത്തുന്നു.

കോഴിക്കോട്ട് വിപുലമായ തോതിൽ പൈതൃകനടത്തം സംഘടിപ്പിക്കാനുണ്ടായ സാഹചര്യം?

ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഷില്ലോങ്ങിലും പ്രയാഗ്‌രാജിലും ഭുവനേശ്വറിലും സംഘടിപ്പിച്ചിരുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് അവബോധവും മതിപ്പും വളർത്തുകയാണ് ലക്ഷ്യം. ഇനിയും പല നഗരങ്ങളിലും പൈതൃകനടത്തം സംഘടിപ്പിക്കും.

കോഴിക്കോട് സാഹിത്യനഗരമായതുകൊണ്ടും അതിപുരാതനകാലംമുതൽ രാജ്യാന്തരബന്ധങ്ങളുള്ളതുകൊണ്ടുമാണ് ഇവിടം തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!