ദിദിന സന്ദർശനത്തിനായി ഖത്തർ അമീർ നാളെ ഇന്ത്യയിൽ

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിയിലെത്തും. മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട പ്രതിനിധിസംഘവും ഒപ്പമുണ്ടാകും. രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം. പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും. 18ന് രാഷ്ട്രപതിഭവനിൽ സ്വീകരണം നൽകും.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി അമീറിനെ അനുഗമിക്കും. കൂടാതെ വ്യാപാര, വാണിജ്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഉൾകൊള്ളുന്ന ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുന്നതിനൊപ്പം, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഈ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നും ഖത്തർ ന്യൂസ് ഏജൻസി വാർത്താകുറിപ്പിൽ വ്യക്തമാക്കി അമീറിന്റെ സന്ദർശനത്തിന്റെ മുന്നോടിയായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് . ജയശങ്കർ കഴിഞ്ഞ ഡിസംബർ 31 മുതൽ ജനുവരി ഒന്ന് വരെ ഖത്തർ സന്ദർശിച്ചിരുന്നു .ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹം അമീറിന്റെ ഇന്ത്യ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

