KSDLIVENEWS

Real news for everyone

418-7;  രഞ്ജിയില്‍ രണ്ടാദിനവും സേഫാക്കി കേരളം; വന്മതിലായി അസ്ഹറുദീന്‍(149 നോട്ടൗട്ട്)

SHARE THIS ON

അഹമ്മദാബാദ്: പൊരിവെയിലില്‍ വന്മതിലായി നിലയുറപ്പിച്ച് മുഹമ്മദ് അസ്ഹറുദീന്‍(149*). രക്ഷകന്റെ റോളില്‍ ഉറച്ച പിന്തുണ നല്‍കി സല്‍മാന്‍ നിസാറിന്റെ(52) അര്‍ധസെഞ്ച്വറി. മികച്ച മൂന്നു കൂട്ടുകെട്ടുകള്‍. രഞ്ജി സെമിയില്‍ രണ്ടാം ദിനവും കേരളം സേഫ്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന ശക്തമായ നിലയിലാണ് കേരളം. രണ്ട് ദിവസങ്ങളിലായി 177 ഓവറുകളാണ് കേരള ടീം ബാറ്റ് ചെയ്തത്.

മികച്ച സ്‌കോര്‍ നേടി ആദ്യ ഇന്നിങ്സ് ലീഡ് എന്ന കൃത്യമായ ഗെയിം പ്ലാന്‍ കേരളം രണ്ടാം ദിനവും നടപ്പാക്കി. തലേന്നത്തെ സ്‌കോറില്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ തുടക്കത്തിലേ നഷ്ടമായിട്ടും വിശ്വസ്തനായ രക്ഷകന്‍ സല്‍മാന്‍ നിസാര്‍ ഒരിക്കല്‍ കൂടി അസ്ഹറുദീനൊപ്പം നിലയുറപ്പിച്ചു. രണ്ട് സെഷന്‍ നന്നായി പ്രതിരോധിച്ചു. അര്‍ധസെഞ്ച്വറി നേടി സല്‍മാന്‍ പുറത്തായപ്പോഴെത്തിയ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന യുവതാരം അഹമ്മദ് ഇമ്രാന്‍(24) സ്‌കോര്‍ 400 കടത്തുന്നതിലേക്ക് നയിച്ചു. 10 റണ്‍സുമായി ആദിത്യ സര്‍വാതെയാണ് അസ്ഹറുദീന് കൂട്ട്. ആദ്യദിനം 66 പന്തില്‍ 30 റണ്‍സടിച്ച അസ്ഹറുദീന്‍ രണ്ടാം ദിനം മുഴുവന്‍ ഒരറ്റം കാത്തു. ആകെ രണ്ട് ദിവസമായി നേരിട്ടത് 303 പന്ത്. 50 ഓവര്‍ ബാറ്റ് ചെയ്ത് 149 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന അസ്ഹറുദീന്റെ ഉയര്‍ന്ന സ്‌കോറുമാണിത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ കേരളത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളില്‍ ഒന്നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പിറന്നത്‌.

ടെസ്റ്റിലെ ആദ്യദിനം 89 ഓവറില്‍ 206 റണ്‍സാണ് കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയതെങ്കില്‍ രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് കൂടി ചേര്‍ത്തു. സ്പിന്നിന് അനുകൂലമായി തുടങ്ങിയ പിച്ചില്‍ ഇനിയുള്ള ദിവസങ്ങളില്‍ ബാറ്റിങ് ദുഷ്‌കരമാകുമെന്ന് ഉറപ്പ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ ക്ഷമയോടെ ഇന്നിങ്സ് കെട്ടിപ്പെടുത്ത് ലീഡ് പിടിക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്കാണ് കേരളം ബാറ്റേന്തിയത്. ഗുജറാത്തിനെതിരേ അവരുടെ തട്ടകത്തിലാണ് കേരളം പ്രതിരോധകോട്ട കെട്ടിയത്. 400 റണ്‍സ് എന്ന വലിയ കടമ്പ കടന്ന കേരളത്തിന് നാളത്തെ ആദ്യ സെഷനില്‍ പിടിച്ചുനില്‍ക്കാനായാല്‍ 450 ഒരു പക്ഷേ 500 എന്ന ഏറ്റവും സുരക്ഷിത ദൂരം പിന്നിടാം. അങ്ങനെയെങ്കില്‍ ഗുജറാത്ത് പ്രതിരോധത്തിലാകും.

സല്‍മാന്‍ നിസാറും അസ്ഹറുദ്ദീനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 52 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിനെ വിശാല്‍ ബി.ജയ്‌സ്വാളാണ് വീഴ്ത്തിയത്. പിന്നാലെയെത്തിയ അഹമ്മദ് ഇമ്രാന്‍ 24 എടുത്ത് പുറത്തായി. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങിയിരുന്നു. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല. രഞ്ജി സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹര്‍. രഞ്ജി സെമിയില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള ബാറ്ററും അസ്ഹറുദ്ദീന്‍തന്നെ. ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.

നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്‌സേനയും 30 ആണ് നേരത്തേ പുറത്തായത്. കരുതലോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ക്ഷമയോടെ ബാറ്റുവീശിയ ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈക്കെതിരേ ശക്തമായ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!