ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്: പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്; പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതാണ്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്.
ഗോള്‍ വരള്‍ച്ചയുടെ ആദ്യപകുതിക്കുശേഷം, 46-ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്സ്ന വകയാണ് ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്റ്റേഴ്സ് വലയില്‍ നിറയൊഴിച്ചു. ഈ ഗോളിലും ഗുവറോറ്റേക്സ്നയുടെ പങ്ക് നിര്‍ണായകമായി. ബോക്സിനുള്ളില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നേറിയ ഗുവറോറ്റേക്സ്ന, യാസിറിന് പന്തുനല്‍കി. യാസിര്‍ അത് ഗോളാക്കി മാറ്റി.
ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റായി ആതിഥേയര്‍ക്ക്. 12 കളിയില്‍ ജയിച്ച ഗോവ, മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവയ്ക്കായിരുന്നു ജയം. ബ്ലാസ്റ്റേഴ്സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍ പതിനൊന്നെണ്ണത്തില്‍ തോറ്റു.

