KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് കിണറ്റിനകത്ത് കാണപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍; കൊലപാതകമാണെന്ന് ഉറപ്പിച്ചു, പിന്നില്‍ ഓട്ടോ വാടക വിളിച്ച മൂന്നു പേര്‍

SHARE THIS ON

കാസർകോട്: മഞ്ചേശ്വരം, കുഞ്ചത്തൂർ, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയിൽ ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ പുറത്തെടുത്ത മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്‌ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

കർണ്ണാടക, മുൽക്കി, കൊളനാട് സ്വദേശിയും മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ വ്യാഴാഴ്‌ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടയിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിൽ കണ്ട വഴി യാത്രക്കാരനാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു അരികിൽ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫ് ആണെന്നു സ്ഥിരീകരിച്ചത്.

ബുധനാഴ്‌ച രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് മുൽക്കി പൊലീസിൽ കേസുണ്ടെന്നും കണ്ടെത്തി. വിവരമറിഞ്ഞ് കുഞ്ചത്തൂരിലെത്തിയ ബന്ധുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഓട്ടോ മുഹമ്മദ് ഷരീഫിൻ്റേതാണെന്നു സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്‌ച രാവിലെ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഫയർഫോഴ്സാണ് മൃതദേഹം കരയ്ക്കു കയറ്റിയത്. ഡിവൈ.എസ്.പി സി.കെ സുനിൽ കുമാർ, ഇൻസ്പെക്ടർ ഇ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ഈ സമയത്താണ് മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ നിരവധി കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊലപാതകത്തിനു പിന്നിൽ മൂന്നു പേരാണെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം. ബുധനാഴ്‌ച രാത്രി 10 മണിയോടെ മൂന്നു പേർ മംഗ്ളൂരുവിൽ വച്ച് മുഹമ്മദ് ഷരീഫിന്റെ ഓട്ടോയിൽ കയറിയിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ ആരാണെന്നു കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കുഞ്ചത്തൂർ എത്തിച്ചതിനു ശേഷമാണോ കൊലപാതകം നടത്തിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സാധാരണ ഗതിയിൽ രാത്രി 10 മണിക്കു മുമ്പ് മുഹമ്മദ് ഷരീഫ് ഓട്ടം അവസാനിപ്പിച്ച് ഓട്ടോയുമായി വീട്ടിൽ എത്താറുണ്ട്. എന്നാൽ വ്യാഴാഴ്‌ച രാവിലെ വരെ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ മുൽക്കി പൊലീസിൽ പരാതി നൽകിയത്.

ഭാര്യ: സൈയ്ദ. മക്കൾ: നൗഷാദ്, ആഷിഫ്, അഫ്രീദ്. സഹോദരങ്ങൾ: ഫക്കീറബ്ബ, ഇസ്‌മയിൽ, മുഹ് യുദ്ദീൻ, നഫീസ, സാറാമ്മ, ജമീല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!