KSDLIVENEWS

Real news for everyone

പിണറായിയുടേത് കരുണാമയമായ സമീപനം, ഭരണത്തുടര്‍ച്ചയ്ക്കുള്ള കാലാവസ്ഥ: വെള്ളാപ്പള്ളി

SHARE THIS ON

ചേർത്തല (ആലപ്പുഴ): സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കിയാൽ പിണറായി വിജയൻതന്നെ ഭരണത്തുടർച്ച നേടാനുള്ള കാലാവസ്ഥയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിസ്ഥാനത്ത് മൂന്നുപതിറ്റാണ്ടു പൂർത്തിയാക്കുന്ന വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങിൽ മറുപടി പ്രസംഗം നടത്തവേയായിരുന്നു പരാമർശം. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം.

യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയന്. സർക്കാരുമായുള്ള ഇടപെടലുകളിൽ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയിൽ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തുടർച്ചയ്ക്ക് ആശംസയും നേർന്നു.

കേരളത്തിന്റെ സാമൂഹിക വളർച്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്തിട്ടുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്നു ദശാബ്ദം ഇരിക്കുകയെന്നത് എല്ലാത്തരത്തിലും അപൂർവ്വമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അനിതര സാധാരണമായ കർമശേഷിയും നേതൃപാടവവുമാണ് അതിനു സഹായിച്ചത്. സമൂഹത്തിൽ തുടർച്ചയായി സ്നേഹവിശ്വാസങ്ങൾ നേടിയെടുക്കുക, നിലനിർത്തുക, അണികളും പ്രസ്ഥാനവും ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാനുള്ള ആർജവം കാണിക്കുക എന്നിവ എളുപ്പമല്ല. അതാണ് അനായാസമായി വെള്ളാപ്പള്ളി നിർവഹിച്ചിരിക്കുന്നത്. കുമാരനാശാൻ പോലും 16 വർഷമേ ഈ സ്ഥാനത്തിരുന്നുള്ളൂ.

ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ അംഗങ്ങൾക്ക് ശക്തിപകർന്നു കൊടുക്കുന്ന നേതൃപാടവമാണ് വെള്ളാപ്പള്ളിയുടേത്-മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!