നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ല’; സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ലെന്ന് സൂചന നൽകി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ത്യയിൽ ഇന്ധന വില കുറയുന്നതിൽ വരും ദിവസങ്ങളിൽ കാര്യങ്ങൾ വ്യക്തമാക്കും. ക്രൂഡ് ഓയിൽ വില നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ ഉടൻ വ്യക്തത വരും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ സർക്കാർ വിഷയം വീണ്ടും പരിശോധിക്കുമെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
നിലവിൽ എണ്ണ കമ്പനികളുടെ കൈവശമുള്ളത് രണ്ടര മാസം മുൻപ് വാങ്ങിയ ശേഖരമാണ്. ക്രൂഡ് ഓയിൽ വില വൻതോതിൽ ഉയർന്ന സമയത്താണ് വാങ്ങിയത്. ഏറ്റവും പ്രയാസകരമായ ഘട്ടത്തിലും മതിയായ എണ്ണ ശേഖരം ഉണ്ടായിരുന്നുവെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.
60 ദിവസത്തെ ശേഖരം ഉണ്ടായിരുന്നു. വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതാണ് സഹായിച്ചത് എന്ന് ഹർദീപ് സിങ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി അതിന്റെ ഉച്ചസ്ഥായിയിൽ നിന്ന സമയത്ത് ഉയർന്ന വിലയ്ക്ക് വാങ്ങിയ അസംസ്കൃത എണ്ണയാണ് എണ്ണ വിപണന കമ്പനികൾ ഇപ്പോഴും സംസ്കരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇതുവരെ ചില്ലറ വിൽപന വിലയിൽ പ്രതിഫലിക്കാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുദ്ധസമയത്ത് രാജ്യത്ത് എണ്ണ വിതരണത്തിൽ തടസ്സങ്ങളോ ക്ഷാമമോ ഇന്ധന സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവോ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ ഇന്ധനവിലയിൽ ലിറ്ററിന് 7.50 രൂപയോളം വർധനവുണ്ടായിരുന്നു. തുടക്കത്തിലുണ്ടായ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിരുന്നു, എങ്കിലും പിന്നീട് ചില്ലറ വിൽപ്പന വില വർധിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.

