വടകരയിലെ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു, ഷാഫിയും രമയും എത്തിയില്ല; അടിമുടി വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതോടെയാണ് മുഖ്യമന്ത്രി സംഘാടകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഷാഫി പറമ്പില്‍ എംപിയേയും വടകര എംഎല്‍എ കെ.കെ. രമയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉണ്ടായത്. 83 കോടി ചെലവിലാണ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, സംസ്ഥാന മന്ത്രിമാരായ വീണ ജോര്‍ജ്, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെ ഉണ്ടായിട്ടും പരിപാടിയില്‍ പ്രതീക്ഷിച്ചപോലെ ജനപങ്കാളിത്തം ഉണ്ടായില്ല. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
“വടകരയിലെ എല്ലാ പരിപാടിക്കും വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം സംഘാടകര്‍ വലിയ പന്തല്‍ ഒരുക്കിയത്. നല്ല ചൂടുകാലമാണ് സംഘാടകര്‍ വലിയ പന്തലിട്ടെങ്കിലും തിങ്ങി ഇരിക്കേണ്ട എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടായെന്ന് തോന്നുന്നു. അതുകൊണ്ട് ഇടവിട്ടിരിക്കാന് നല്ല സൗകര്യം നിങ്ങള്‍ക്ക് കിട്ടിയത്.” മുഖ്യ മന്ത്രി ഹാസ്യരൂപേണ പറഞ്ഞു. ഷാഫി പറമ്പിലും കെ.കെ. രമയും പങ്കെടുക്കാത്തതിനെ ഔചിത്യമുള്ളതിനാല് ചിലത് പറയുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പതിനൊന്ന് മണിക്ക് നടക്കേണ്ട പരിപാടിക്ക് എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗമാണ് വടകരയില്‍ എത്തിയത്. എന്നാല്‍ വേദിയില്‍ ആളില്ലാത്തതിനാല്‍ 11.35-നാണ് അദ്ദേഹം പരിപാടിക്ക് എത്തിയത്. അതുവരെ വടകര ഗസ്റ്റ് ഹൗസില്‍ തങ്ങുകയായിരുന്നു മുഖ്യമന്ത്രി.

