സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: നടന്‍ ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല.അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ലെന്നും അത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാല്‍ നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ലെന്ന് വിൻസി അലോഷ്യസിന്റെ കുടുംബം അറിയിച്ചു.
കഴിഞ്ഞദിവസം വിൻസി അലോഷ്യസ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് മൊഴിയെടുക്കാൻ എക്സൈസ് സംഘം അനുമതി തേടിയത്. എക്സൈസ് നിയമനടപടികളുമായി മുന്നോട്ടു പോകാൻ പരാതി ലഭിക്കേണ്ടതുണ്ട്. എന്നാൽ സഹകരിക്കാൻ താല്പര്യമില്ലെന്നും നിയമനടപടികളിലേക്ക് കാടക്കാൻ താൽപര്യമില്ലെന്നും കുടുംബം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പരാതി ലഭിക്കാത്ത പശ്ചാത്തലത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് മറ്റേതെങ്കിലും തരത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് എക്സൈസ്.