KSDLIVENEWS

Real news for everyone

ഉപരോധം അന്താരാഷ്ട്രചട്ടങ്ങള്‍ക്ക് വിരുദ്ധം; കൊടുംപട്ടിണിയിലമര്‍ന്ന ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ

SHARE THIS ON

ഗസ്സസിറ്റി: രണ്ടു മാസത്തിലേറെയായി ഇസ്രായേലിന്‍റെ സമ്ബൂർണ ഉപരോധത്തില്‍ വലയുന്ന ഗസ്സയിലേക്ക് ഉടനടി സഹായം എത്തിക്കണമെന്ന് യു.എൻ.

കൊടും പട്ടിണിയിലായ ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാല്‍ വൻ മാനുഷികദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. അന്തർദേശീയ സമൂഹം ശക്തമായ നടപടി സ്വീകരിക്കാൻ ഇനിയും വൈകരുതെന്നും യുഎൻ നിർദേശിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ് ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്നതെന്നും ഫലസ്തീൻ ജനതക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നിഷേധിക്കുന്നത് ഒരു നിലക്കും പൊറുപ്പിക്കാനാവില്ലെന്നും യുഎൻ രക്ഷാസമിതിയുടെ പ്രത്യേക സെഷൻ ചൂണ്ടിക്കാട്ടി.

അയർലാന്‍ഡ്, ഇറാൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിലപാടുകള്‍ പങ്കുവെച്ചു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മൂന്നാം ദിവസമായ ഇന്നലെ ഗസ്സയിലെ ദുരിതചിത്രം സംബന്ധിച്ച്‌ വിവിധ രാജ്യങ്ങളും കൂട്ടായ്മകളും വാദം നിരത്തി. അമേരിക്കയും ഹംഗറിയും ഇസ്രായേലിനെ പിന്തുണച്ച്‌ രംഗത്തുവന്നു. ഫലസ്തീൻ ജനതക്കു വേണ്ടി സംസാരിക്കുന്ന അന്താരാഷ്ട്ര കോടതി, ഇസ്രായേല്‍ നേരിടുന്ന പ്രതിസന്ധി കാണാതെ പോവുകയാണെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ തുടരുന്ന വാദം നാളെ അവസാനിക്കും.

അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്നലെ 35 പേർ കൊല്ലപ്പെട്ടു. ഇതിനിടെ പശ്ചിമ ജറൂസലം മലനിരകളില്‍ നാലു ദിവസങ്ങളായി തുടരുന്ന കാട്ടുതീയുടെ കെടുതികള്‍ ഇസ്രായേലിന്‍റെ ഉറക്കം കെടുത്തുകയാണ്. ജറൂസലമിനെയും തെല്‍ അവീവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത അടച്ചിട്ടു. നിരവധി വ്യോമസേന വിമാനങ്ങള്‍ തീ കെടുത്താനായി രംഗത്തുണ്ട്. രണ്ടു ദിവസങ്ങള്‍ക്കകം തീ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. ഫ്രാൻസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്രായേലിന് സഹായം വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!