ധാരാവി പുനര്‍വികസനം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; ഷാഹുനഗറിലെ 900 കുടുംബങ്ങളോട് വീടുകള്‍ ഒഴിയാൻ ആവശ്യപ്പെട്ട് ബിഎംസി

മുംബൈ: ദീർഘകാലമായി ചർച്ചകൾ നടക്കുന്ന ധാരാവി പുനർവികസന പദ്ധതി പ്രായോഗികതലത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ ഭാഗമായി ഷാഹുനഗറിലെ താമസക്കാർക്ക് വീടുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നോട്ടീസ് നൽകി (Dharavi Redevelopment Project). ഏകദേശം 900-ഓളം ബിഎംസി വാടകക്കാരാണ് ഈ പ്രദേശത്ത് നിന്ന് താൽക്കാലികമായി മാറിത്താമസിക്കേണ്ടി വരിക. ധാരാവിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി താമസക്കാർക്ക് എത്രയും വേഗം സ്ഥിരമായ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം സെക്ടർ ആറിലെ താമസക്കാർക്ക് സമാനമായ നോട്ടീസുകൾ നൽകിയിരുന്നു. ധാരാവിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം ലഭ്യമാക്കാനാണ് ഘട്ടംഘട്ടമായി ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2028-ഓടെ 10,000 വീടുകൾ പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് പദ്ധതി കൂടുതൽ ഊർജ്ജിതമാക്കിയത്. താൽക്കാലികമായി മാറിത്താമസിക്കുന്നവർക്ക് വാടക വീടുകളിലേക്കോ അല്ലെങ്കിൽ ട്രാൻസിറ്റ് ഹൗസിംഗിലേക്കോ മാറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി ധാരാവിയിലെ സെക്ടർ അഞ്ചിൽ എംഎച്ച്എഡിഎ (MHADA) കെട്ടിടങ്ങളിൽ 500-ഓളം യൂണിറ്റുകൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
പുനരധിവാസ പാക്കേജിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ആകർഷകമായ ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 275 ചതുരശ്ര അടി വരെയുള്ള വീടുകളിലെ താമസക്കാർക്ക് പ്രതിമാസം 22,000 രൂപയും, 375 ചതുരശ്ര അടി വിസ്തീർണ്ണമുള്ളവർക്ക് 30,000 രൂപയുമാണ് വാടക അലവൻസായി നൽകുക. ഇതിനുപുറമെ, പ്രതിവർഷം അഞ്ച് ശതമാനം വാടക വർദ്ധനവും കുടുംബങ്ങൾക്ക് ലഭിക്കും. കൂടാതെ, വീട് മാറുന്നതിനായി 15,000 രൂപയുടെ വൺ-ടൈം ഷിഫ്റ്റിംഗ് അലവൻസും നൽകുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ പുതിയ വീടുകൾ ലഭ്യമാക്കുമെന്നും, താമസക്കാർക്ക് 500 ചതുരശ്ര അടിയിൽ കുറയാത്ത വിസ്തീർണ്ണമുള്ള വീടുകളോ അല്ലെങ്കിൽ നിലവിലുള്ളതിന്റെ 1.35 ഇരട്ടി വിസ്തീർണ്ണമോ ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.

