നമ്മള് കാത്തിരുന്ന നിമിഷം; ഓപ്പറേഷൻ സിന്ദൂര്‍ സന്തോഷം തരുന്ന കാര്യമെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍

കൊച്ചി: നമ്മള് കാത്തിരുന്ന നിമിഷമാണ് ഇതെന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എൻ.
രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണം. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരതി സന്തോഷം രേഖപ്പെടുത്തി.കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ മകള്‍ ആരതിയുടെ മുന്നില്‍ വച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്.
അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണെന്ന് ആരതി പറഞ്ഞു. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള് കാത്തിരുന്ന നിമിഷമാണിത്. ആക്രമണത്തില്‍ സാധാരണക്കാർക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി കൂട്ടിച്ചേർത്തു.
പഹല്‍ഗാമില്‍ മതം ചോദിച്ച് ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച് ഭീകരരില്‍ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്. ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകള്‍ ആചാരപ്രകാരം സിന്ദൂര രേഖയില്‍ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകള്‍ സിന്ദൂരം അണിയാറില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്കുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നല്കുമ്ബോള് ഇനിയൊരിക്കലും ഭീകരരുടെ കൈകളാല്‍ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതേസമയം, ഓപ്പറേഷന് സിന്ദൂർ സംബന്ധിച്ച് ഇന്നു രാവിലെ പത്തുമണിക്ക് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമുണ്ടാകും.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഇന്ത്യ സർജിക്കല്‍ സ്ട്രൈക്ക് നടത്തിയത് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെങ്കില്‍ പഹല്‍ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 16-ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കല്‍ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികള്‍ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്ബുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
സ്കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകള്‍ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയില്‍നിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങള്‍ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.
കര, വ്യോമ, നാവികസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങള്‍ അടച്ചു.
ബഹവല്‍പൂർ, മുസാഫറബാദ്, കോട്ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.
നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.
‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുൻപാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കപ്പെടുന്നത്.
ഇന്ത്യ-പാക് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കട്ടെയെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സന്തോഷം തരുന്ന നടപടിയെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞു.
ശ്രീനഗർ കൂടാതെ ജമ്മു, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങളും അടച്ചു. ഭീകരക്യാമ്ബുകള്‍ തകർത്തത് സ്കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ്. ലഷ്കർ-ഇ-തൊയ്ബെ, ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണെന്നും സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരെയോ ഇന്ത്യലക്ഷ്യമിട്ടിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു
തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നല്കിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങള്‍ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു

