KSDLIVENEWS

Real news for everyone

ഇന്ത്യയെ തടയാന്‍ കൂട്ടിനാരുമില്ല, കണ്ണടച്ച് ചൈന; അകത്തും പുറത്തും ഒറ്റപ്പെട്ട് പാകിസ്താന്‍

SHARE THIS ON

ന്യുഡല്‍ഹി: എപ്പോഴൊക്കെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോള്‍ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്താനുള്ളത്. കാര്‍ഗില്‍ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്താന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും ചിരകാല സുഹൃത്ത് ചൈനയുടെയും സഹായം കിട്ടിയിട്ടുണ്ട്. സംഘര്‍ഷം വളര്‍ന്നു വലുതാകുന്നതിന് മുമ്പ് ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് പാകിസ്താന്‍ എന്നും പയറ്റിയിട്ടുള്ളത്. എന്നാല്‍, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന് പിന്നാലെ പാകിസ്താന്‍ പ്രകോപനം തുടങ്ങുകയും ചെയ്തിട്ടും മുമ്പുള്ളതുപോലെ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നത്‌ പാകിസ്താനെ കുഴക്കുന്നുണ്ട്.

തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളില്‍ കേറി ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിക്കാമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്.

ഇന്ത്യയോട് ആയുധം താഴെവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല. അതുപോലെ പാകിസ്താനോടും- ഇതാണ് വാന്‍സിന്റെ വാക്കുകൾ. അതിനര്‍ഥം പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നു തന്നെയാണ്. അതിന് പാകിസ്താൻ തയ്യാറാവണം. ആദ്യം അവര്‍ ആക്രമണം നിര്‍ത്തണം. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ വലിയ സൈനിക നീക്കം യുഎസിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടി വര്‍ധിക്കുമെന്ന് കണ്ടതോടെ പാകിസ്താന്‍ അമേരിക്കന്‍ സഹായം തേടി. പിന്നാലെ കാര്‍ഗിലിലെ മലനിരകളില്‍നിന്ന് സൈന്യത്തെ പാകിസ്താൻ പിന്‍വലിപ്പിച്ചപ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് ഇടപെട്ടു.

1971-ല്‍ ഇന്ത്യ- പാക് യുദ്ധസമയത്ത് പാകിസ്താനെ സഹായിക്കാന്‍ തങ്ങളുടെ ഏഴാം കപ്പല്‍പടയെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ച രാജ്യമാണ് യുഎസ്. അന്ന് സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ സഹായിക്കാനെത്തിയത്. 2001-ലെ പാര്‍ലമെന്റ് ആക്രമണ സമയത്തും ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. അന്നും സംഘര്‍ഷമൊഴിവാക്കാന്‍ യുഎസ് ഇടപെട്ടു. ഇതിന്‌ശേഷം ബലാക്കോട്ട് ആക്രമണം വരെയുള്ള സമയത്ത് പാകിസ്താന്റെ രീതി വ്യക്തമാക്കി മനസിലാക്കിയാണ് ഇന്ത്യ ഇടപെടുന്നത്.

ഉറി, പുല്‍വാമ ഭീകരാക്രമണത്തോടെ അടിക്ക് തിരിച്ചടി എന്ന നയം ഇന്ത്യ സ്വീകരിച്ചു. സംഘര്‍ഷങ്ങളില്‍ ആഗോള ഇടപെടലുകള്‍ക്കായി കാത്തിരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. അതിനൊപ്പം സ്വന്തം ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. ആഗോളതലത്തില്‍ സ്വാധീനവും ഇടപെടലുകളും വര്‍ധിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്വന്തം നടപടികള്‍ ആത്മവിശ്വാസത്തോടെ ന്യായമാണെന്ന് സ്ഥാപിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയെ ആക്രമണങ്ങളിലുടെ പ്രകോപിപ്പിക്കുകയും തിരിച്ചടിക്കാതിരിക്കാന്‍ ആണവാക്രമണ ഭീഷണി മുഴക്കുകയുമാണ് പാകിസ്താന്‍ ചെയ്യുക. ഇതോടെ പാശ്ചാത്യരാജ്യങ്ങള്‍ ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനായി ഇടപെടുന്ന സാഹചര്യമുണ്ടാകും. ഇതാണ് പാകിസ്താനും ആഗ്രഹിക്കുന്നത്. ഇത്തവണ അതൊന്നും ലക്ഷ്യം കണ്ടില്ല എന്നുവേണം കരുതാന്‍. ചിരകാല സുഹൃത്തായ ചൈനപോലും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടുന്നില്ല എന്നുള്ളതാണ് പാകിസ്താനെ കുഴക്കുന്നത്.

സംഘര്‍ഷം തുടങ്ങിയ സമയത്ത് ഇരുരാജ്യങ്ങളും ഞങ്ങളുടെ അയല്‍ക്കാരാണെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. സന്ദേശം വ്യക്തം, നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യയെ യുഎസ് ചേരിയിലേക്ക് തള്ളിവിടാന്‍ ചൈന താത്പര്യപ്പെടുന്നില്ല. അതിനാല്‍ നിഷ്പക്ഷ നിലപാടാണ് ചൈന കൈക്കൊണ്ടത്. എങ്കിലും പാകിസ്താനുള്ള മാനസിക പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയുമായി സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ച നടത്തുമെന്ന് പറഞ്ഞുമില്ല.

ആണവായുധ ശേഷിയുള്ള രാജ്യമായിട്ടും ഇപ്പോള്‍ പാകിസ്താന് രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമേ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളു. തുര്‍ക്കി, അസര്‍ബൈജന്‍. ഇതില്‍ അസര്‍ബൈജാന് ഇന്ത്യയെ എതിര്‍ക്കാന്‍ കാരണങ്ങളുണ്ട്. അവരുടെ എതിരാളിയായ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്. അതിന്റെ പേരിലാണ് അവര്‍ പാകിസ്താനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ യുദ്ധം നടക്കുമ്പോള്‍ പാകിസ്താനെ സഹായിക്കാന്‍ അവര്‍ക്ക് താത്പര്യവുമില്ല. പിന്നെയുള്ളത് തുര്‍ക്കിയാണ്. പാകിസ്താനെ അവര്‍ ആയുധമുള്‍പ്പെടെ നല്‍കി സഹായിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറം കടന്ന് സംഘര്‍ഷം ഒഴിവാക്കാനുള്ള ഇടപെടല്‍ നടത്താനുള്ള ശ്രമം തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം തുര്‍ക്കിക്ക് വളര്‍ത്തിയെടുക്കാനാകാത്തതിനാല്‍ അക്കാര്യത്തില്‍ പാകിസ്താന് പ്രതീക്ഷയ്ക്കും വകയില്ല.

യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്ന് ഇന്ത്യയെ പിണക്കാന്‍ ചൈനയ്ക്ക് താത്പര്യവുമില്ല. ചുരുക്കത്തില്‍ പാകിസ്താന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. വിഷയത്തില്‍ മധ്യസ്ഥ ശ്രമത്തിന് പാകിസ്താന്റെ സുഹൃത്തുക്കളായ ഗള്‍ഫ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം ഉലയാതിരിക്കാനുള്ള മുന്‍കരുതലും അവരുടെ നീക്കങ്ങളിലുണ്ട്.

പുറത്തുനിന്ന് ഒറ്റപ്പെടുകയും സാമ്പത്തികമായി ദുര്‍ബലമാവുകയും ചെയ്തതിന് പിന്നലെ ആഭ്യന്തരമായി വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നു എന്ന വിപത്തിലാണ് ഇപ്പോള്‍ പാകിസ്താന്‍ ചെന്നുപെട്ടിരിക്കുന്നത്. ചതുപ്പില്‍ വീണ അവസ്ഥയാണിന്ന് പാകിസ്താന്. ഓരോ ചലനവും കൂടുതല്‍ ആഴത്തിലേക്ക് വലിച്ചിഴക്കപ്പെടും. ബലോചിസ്താനില്‍ വിഘടനവാദം അതിന്റെ മൂര്‍ധന്യത്തിലാണ്. കിഴക്കന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പാക് താലിബാന്‍ സ്വാധീനമുറപ്പിക്കുന്നു. അമിതമായി സൈന്യത്തെയും വിദേശരാജ്യങ്ങളെയും ആശ്രയിച്ച് സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് പാകിസ്താന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!