ഫിറോസ്പുരിലും ശ്രീനഗറിലും ബാരാമുള്ളയിലും ഡ്രോണുകൾ പതിച്ചെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുരിന് പുറമെ ജമ്മുകശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപവും ബാരാമുള്ളയിലും പാക് ഡ്രോണുകള്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബരാമുള്ള ടൗണിലും ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപവും സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇന്ത്യന്‍ മണ്ണില്‍ അവയ്ക്ക് കടക്കാനാകുന്നത്. അതേസമയം ഫിറോസ്പുരില്‍ ജനവാസ കേന്ദ്രത്തിലാണ് ഡ്രോണ്‍ പതിച്ചത്. വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് അതിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ക്ക് ഡ്രോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 60 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിറോസ്പുരില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അതേസമയം ബാരാമുള്ളയിലേക്ക് പാകിസ്താന്‍ ഡ്രോണുകള്‍ അയ്ച്ചിരിക്കുകയാണ്. സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പാകിസ്താന്‍ കശ്മീര്‍ താഴ്‌വരയിലേക്ക് ആക്രമണം നടത്തുന്നത്. അതേസമയം പുല്‍വാമ ജില്ലയിലെ അവന്ദിപ്പോരയിലെ വ്യോമസേന താവളം ലക്ഷ്യമാക്കിയും പാകിസ്താന്‍ ഡ്രോണുകള്‍ അയച്ചു. ഈ ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടു.

