നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത്, നഗരം സ്തംഭിച്ചു

കോഴിക്കോട്: അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ. തീപ്പിടിത്തമുണ്ടായി രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോൾ.
തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷാറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റി വെള്ളം ശക്തിയായി അടിച്ച് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയര്‍ ഫോഴ്സില്‍എത്തിയത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ഫയര്‍ എന്ജിന് ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമുണ്ടാക്കി. ഒരു യൂണിറ്റ് മാത്രമാണ് കോഴിക്കോട് ബീച്ചില്‍ഉണ്ടായിരുന്നത്.
എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച് വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാന്‍ സഹായിച്ചു. സമീപ ജില്ലകളിലില്‍ നിന്ന് കൂടുതല്‍ ഫയർ എന്‍ജിനുകളോട് എത്താനായി നിർദ്ദേശിച്ചിട്ടുണ്ട്. തകരഷീറ്റുകളും ഫ്ളെക്സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മിതികള്‍ അധികൃതരുടെ കണ്മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പഴത്തെ പ്രതിസന്ധിക്ക് കാരണം.
പൊളിച്ചുമാറ്റിയ ഭാഗത്തുതകൂടി ഉള്ളില്‍ കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീ ഇനിയും അണച്ചില്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും അഗ്നിക്കിഗ്നിക്കിരയാകുമെന്നാണ് ഭയം. അതേസമയം ബസ് സ്റ്റാന്‍ഡില്‍ കൂട്ടം കൂടിനിന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ വിളിച്ചിട്ടുണ്ട്. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ അടക്കമാണ് കത്തിനശിച്ചത്.

