അഴിമതിയാരോപണം കൊടകര കേസ് അന്വേഷിച്ച ഇ.ഡി യൂണിറ്റിനെതിരേ; ഒന്നാംപ്രതി ഇതേ യൂണിറ്റിലെ അസി. ഡയറക്ടർ

കൊച്ചി: കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡി യൂണിറ്റിനെതിരേ. ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാം യൂണിറ്റാണ് കൊടകര കേസ് അന്വേഷിച്ചത്. ബിജെപി ബന്ധങ്ങളിലേക്ക് പോകാതെ കേസ് ഇഡി അട്ടിമറിച്ചെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
ഇതേ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ് വിജിലൻസ് ഒന്നാം പ്രതിയാക്കിയിരിക്കുന്ന ശേഖർ കുമാർ. തന്നെ ഭീഷണിപ്പെടുത്തി എന്ന് പരാതിക്കാരൻ ആരോപണം ഉന്നയിക്കുന്നത് വിനോദ് കുമാറിനെതിരേയും.
ഇഡി ഡെപ്യൂട്ടി ഡയറക്ടർ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ
കൊച്ചി: സമൻസ് അയച്ചതിനെത്തുടർന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ അനീഷ് ബാബു. സംഭവത്തിൽ ആദ്യം ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന്റെ പേരാണ് അനീഷ് പറഞ്ഞത്. പിന്നീട് മറ്റൊരു ഡെപ്യൂട്ടി ഡയറക്ടറായ വിനോദ് കുമാറാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാക്കി.
ഞായറാഴ്ച ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞപ്പോഴാണ് തനിക്ക് ആൾ മാറിപ്പോയതാണെന്ന് അനീഷ് പറഞ്ഞത്. ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി ഡയറക്ടർ മലയാളിയാണെന്നും അയാളുടെ രൂപഭാവങ്ങളും വ്യക്തമാക്കിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരാണ് രാധാകൃഷ്ണന്റെ പേര് പറഞ്ഞതെന്നും അനീഷ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അനീഷ് പറയുന്നതിങ്ങനെ: ‘‘ഇഡി ഓഫീസിൽ മൊഴിയെടുത്തുകൊണ്ടിരിക്കേ മലയാളിയായ ഒരാൾവന്ന് മുകളിലേക്കു പോകാം എന്നുപറഞ്ഞു. മുകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കേ അയാൾ ‘‘തറയിൽ ഇരിയെടാ…’’ എന്നുപറഞ്ഞു. അപ്പോൾ മാത്രമാണ് ആ ഉദ്യോഗസ്ഥൻ മലയാളിയാണെന്ന് മനസ്സിലായത്.’’ വളരെ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും അനീഷ് പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ സംസാരിച്ച ഏജന്റ് വിൽസൺ ആ മുറിയിൽനടന്ന സംഭവങ്ങളെല്ലാം പിന്നീട് തന്നോട് കൃത്യമായി പറഞ്ഞു. ഏജന്റിനെ വിശ്വസിക്കാൻ ഇതുമൊരു കാരണമായതായും അനീഷ് പറഞ്ഞു.

