KSDLIVENEWS

Real news for everyone

ദേശീയപാത നിര്‍മാണത്തിൽ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല; ‘അ’ മുതല്‍ ‘ക്ഷ’ വരെ NHAI: മുഖ്യമന്ത്രി

SHARE THIS ON

കൊല്ലം: ദേശീയപാത നിർമാണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് അവർ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിൽ തകർച്ചയുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരായ പ്രതിപക്ഷ വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം മറ്റൊരു അർത്ഥത്തിൽ എൽഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എൽഡിഎഫ് 2016-ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചുള്ള എൽഡിഎഫ് പൊതുയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ആരോഗ്യരംഗത്ത് രാജ്യവും ലോകവും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു

ഇപ്പോൾ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ചില ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എൽഡിഎഫിന്റെ പ്രശ്നമാണെന്ന് ചിലർ രംഗത്ത് വരുന്നുണ്ട്. ശരിയാണ്, അവർ ഇട്ടുവെച്ച് പോയ ഒരു പണി നിങ്ങൾ എന്തിന് യാഥാർഥ്യമാക്കാൻ പോയി എന്ന നിലക്കാണ് ചോദിക്കുന്നതെങ്കിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറയാം. ആ ഉത്തരവാദിത്തം നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങൾ നിർവഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അ മുതൽ ക്ഷ വരെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. അവർക്കതിന് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സർക്കാരിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട നപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നിരിക്കുന്നത്. എന്തുംപറയാൻ ശേഷിയുള്ളത് കൊണ്ട് പറയുന്നു എന്നത് മാത്രമാണുള്ളത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകണം. അതിൽ ദേശീയപാത അതോറിറ്റി ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു..

ദേശീയപാത വികസനം എങ്ങനെ യാഥാർഥ്യമായി എന്നും അദ്ദേഹം വിശദീകരിച്ചു. ‘ദേശീയപാത നിർമിക്കുന്നത് മുഴുവൻ ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ സംസ്ഥാനത്തിന് ഒരു പൈസയും അതിൽ ചെലവില്ല. ഭൂമിയേറ്റെടുത്ത് കൊടുക്കുക മാത്രമേ വേണ്ടതുള്ളൂ. അതിന് ആവശ്യമായ പണം ദേശീയപാത അതോറിറ്റിനൽകും. എന്നാൽ ആ ചുമതല വഹിക്കാൻ ബാധ്യതപ്പെട്ട അന്നത്തെ സർക്കാർ ചെയ്തില്ല. ഒരിഞ്ച് സ്ഥലവും അവർ ഏറ്റെടുത്തില്ല. ദേശീയ പാത അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടു. പിന്നീടാണ് 2016 പുതിയ സർക്കാർ അധികാരത്തിൽവന്നത്. ദേശീയ പാത അതോറിറ്റിയെ തിരിച്ചുവിളിച്ചു. എന്നാൽ യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് നാം പിഴയൊടുക്കേണ്ടതായി വന്നു. കേരളത്തിലെ ഭൂമിക്ക് വലിയ വിലയുണ്ട്. അത് ഞങ്ങൾക്ക് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. രാജ്യത്ത് എവിടെയും അങ്ങനെയൊരു പതിവില്ല. തർക്കമുന്നയിച്ചു. എന്നാൽ ദേശീയ പാത വന്നേ തീരുവെന്നത് നമ്മുടെ നാടിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതായിരുന്നു. ഒടുവിൽ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം ഏറ്റെക്കാമെന്ന ധാരണയിലെത്തി. ഇപ്പോൾ അത് യാഥാർഥ്യമായി’ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!