KSDLIVENEWS

Real news for everyone

ഇച്ഛാശക്തിയുടെ പ്രതിരൂപം: മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് 80-ാം പിറന്നാൾ

SHARE THIS ON

ഇപ്പോഴും ഓർമ്മയിലുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ പിതാവ്‌ എം.പി. വീരേന്ദ്രകുമാർ എഴുതിയ കുറിപ്പ്. അസുഖംകാരണം ക്ഷീണിതനായി ഇരിക്കുന്നതിനിടയിലാണ് അദ്ദേഹം അത് തയ്യാറാക്കിയത്. പ്രളയകാലത്തെ കെടുതികളിലും കോവിഡിന്റെ വ്യാപനത്തിനിടയിലും സംസ്ഥാനത്തെ സധൈര്യം നയിച്ചുകൊണ്ടിരുന്ന, പുതിയ വികസനകാഴ്ചപ്പാടോടെ കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ചായിരുന്നു അച്ഛൻ അന്ന് ഓർത്തെഴുതിയത്. ‘ഭരണനിർവഹണം ഏറെ വെല്ലുവിളികൾ നിറഞ്ഞ കടമ്പയാണ്. അതിന് ഇച്ഛാശക്തിയും ദീർഘവീക്ഷണവും കൂടിയേകഴിയൂ. നയപരമായ തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും പിണറായി വിജയനുള്ള പാടവം അസാമാന്യമാണ്,’ ആ കുറിപ്പിൽ അദ്ദേഹം എടുത്തുപറഞ്ഞു. അത്തരത്തിലൊരു കുറിപ്പ് ആ പിറന്നാളിനോടനുബന്ധിച്ച് എഴുതണമെന്നതിൽ അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു. ചിലകാര്യങ്ങൾ ഓർക്കാതെ, പറയാതെ പോകരുതെന്ന മുഖവുരയോടെയാണ് അദ്ദേഹം അത് തയ്യാറാക്കാനിരുന്നത്; അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന്റെ അഞ്ചുദിവസംമുൻപ്‌. ഒരുപക്ഷേ, അച്ഛൻ അവസാനമായി തയ്യാറാക്കിയ കുറിപ്പുകളിലൊന്നും അതായിരിക്കണം.

ഈ പിറന്നാൾകുറിപ്പും പിണറായി വിജയൻ എന്ന ഭരണാധികാരിയെക്കുറിച്ചുതന്നെയാണ്. അദ്ദേഹത്തിന്റെ എൺപതാംപിറന്നാളാണിന്ന്. അച്ഛൻ വിലയിരുത്തിയതിൽനിന്ന് ഒരുവാക്കുപോലും മാറ്റേണ്ടതില്ലെന്നതുതന്നെയാണ് എന്റെയും ബോധ്യം. ഒരു ഭരണാധികാരി എങ്ങനെ നാടിന്റെ ക്യാപ്റ്റനും ക്രൈസിസ് മാനേജരുമാവുന്നുവെന്ന് നമ്മൾ, പോയവർഷങ്ങളിൽ കണ്ടതാണ്. തുടർച്ചയുടെ പ്രതിഫലനങ്ങളാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. അണുവിട മാറാത്ത നായകത്വത്തിന്റെ തുടർച്ച.

പതിറ്റാണ്ടുകൾനീണ്ട ബന്ധം, മുഖ്യമന്ത്രി പിണറായി വിജയനുമായി അച്ഛനുണ്ടായിരുന്നു. രാഷ്ട്രീയമുന്നണിമാറ്റത്തോടെ ഇടയ്ക്ക് അതല്പം ഉലഞ്ഞെങ്കിലും ഇരുവരുടെയും സൗഹൃദത്തെയും വ്യക്തിബന്ധത്തെയും അത് ഒട്ടും ബാധിച്ചിരുന്നില്ല. രാഷ്ട്രീയമായ ഭിന്നതകൾ നിലനിൽക്കെത്തന്നെ രോഗാവസ്ഥയിൽ അച്ഛനെ സന്ദർശിക്കാൻ മുഖ്യമന്ത്രി കോഴിക്കോട്ടെ വീട്ടിലെത്തി. ചിന്ത പബ്ലിക്കേഷൻസിന്റെ ഒരു പുസ്തകപ്രകാശനച്ചടങ്ങിലും ഇരുവരും ഒന്നിച്ച് വേദിയിലെത്തിയതും ആ സൗഹൃദത്തിന്റെ ഊഷ്മളതയിലായിരുന്നു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുറന്നുചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അവിടെയാണ്, അങ്ങനെയാണ് ബന്ധങ്ങൾക്ക് ദൃഢത കൈവരുന്നത് എന്നായിരുന്നു അച്ഛൻ എപ്പോഴും ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളായിരുന്നു. അന്ന് മാസത്തിലൊരിക്കൽ അമ്മയോടൊപ്പം അച്ഛനെ കാണാൻ ജയിലിൽ പോകുമായിരുന്നു. അന്നത്തെ ജയിൽവിശേഷങ്ങളിൽ പലപ്പോഴും കേട്ട പേരുകളിലൊന്ന് പിണറായി വിജയന്റേതായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും ബന്ധവും തുടങ്ങുന്നത് ആ സംസാരങ്ങളിലൂടെയാണ്. അച്ഛനിൽനിന്ന് തുടങ്ങിയ ആ ബന്ധം, അതേ ഊഷ്മളതയോടെ പുതിയതലമുറയിലെ ഞാനും പിന്തുടരുന്നു.

സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളിലൂടെ കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഭരണാധികാരിയെന്നനിലയിലാണ് ഇപ്പോൾ മലയാളികൾ, പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ വിലയിരുത്തുന്നത്. അസാധ്യമെന്നുതോന്നിയിരുന്ന ദേശീയപാതാവികസനവും ഗെയിലിന്റെ ഗ്യാസ്‌വിതരണപദ്ധതിയും ഉൾപ്പെടെ, കേരളത്തിന്റെ മുഖച്ഛായമാറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്കാണ്, രണ്ടുസർക്കാരുകളെ നയിച്ച പിണറായി വിജയൻ നേതൃത്വംനൽകിയത്. ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ മൂന്നാമൂഴത്തിനായി ജനങ്ങളെ അഭിമുഖീകരിക്കാൻ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് കരുത്തുപകരുന്നതും അദ്ദേഹത്തിന്റെ ഈ നേതൃപാടവംതന്നെ.


ഓരോവിഷയത്തിലും അദ്ദേഹം സ്വീകരിക്കുന്ന ദൃഢതയുള്ള തീരുമാനങ്ങൾ, അതിനായുള്ള ഉറച്ച കാൽവെപ്പുകൾ, എതിർപ്പുകൾ നേരിടാനുള്ള അസാമാന്യമായ ചങ്കൂറ്റം എന്നിവയാണ് പിണറായി വിജയൻ എന്ന നേതാവിലും ഭരണാധികാരിയിലും ഞാൻ കണ്ട സവിശേഷതകൾ. തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ, എല്ലാ എതിർപ്പുകളും മറികടന്ന് നടപ്പാക്കാനുള്ള മനോധൈര്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നുകഴിഞ്ഞാൽ അടുത്തൊന്നും ഭരണമാറ്റത്തിന് സാധ്യതയുണ്ടാവില്ലെന്ന്, എതിർമുന്നണിയിലായിരുന്ന ഘട്ടത്തിൽ ഞാൻ സ്വകാര്യസംഭാഷണങ്ങളിൽ മുന്നണിനേതാക്കളോടു പറയുമായിരുന്നു.

രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സാഹചര്യങ്ങളും പിന്നിട്ട പാതകളുടെ കാഠിന്യവുമൊക്കെയാവാം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തിയെടുത്തത്. പലഘട്ടങ്ങളിലും രാഷ്ട്രീയകാരണങ്ങളാൽ ജീവിതത്തിൽ അദ്ദേഹം വേട്ടയാടപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അചഞ്ചലമായ മനസ്സോടെയാണ് അദ്ദേഹം കാര്യങ്ങളെ സമീപിച്ചത്. തെറ്റൊന്നുംചെയ്തിട്ടില്ലെന്ന സ്വന്തം ബോധ്യത്തിൽനിന്നാണ് ഈ മനോധൈര്യം അദ്ദേഹം സ്വാംശീകരിച്ചത്. വിവാദങ്ങളെ നിർഭയം നേരിടുന്നതിലും, പിണറായി വിജയൻ എന്ന മനുഷ്യന്റെ ഈ മനോധൈര്യമാണ് തെളിഞ്ഞുകാണുന്നത്.

പഴഞ്ചൻ ആശയങ്ങളിൽ പിടിച്ചുതൂങ്ങാതെ പുതിയകാലത്തിനനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും മുന്നിട്ടിറങ്ങുന്ന ഭരണാധികാരിയാണ് അദ്ദേഹം. സ്വന്തംപാർട്ടിക്കകത്ത് അത് അവതരിപ്പിച്ച്, നടപ്പാക്കാനുള്ള അംഗീകാരം നേടുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം. രാഷ്ട്രീയ എതിരാളികൾ, മുഖ്യമന്ത്രിയുടെ നിലപാട് സ്വേച്ഛാധിപത്യപരമെന്ന് വിമർശിക്കുമ്പോൾ, അവർ മനസ്സിലാക്കാതെപോകുന്നതും ഇക്കാര്യമാണ്. ഇപ്പോൾ നടപ്പാക്കുന്ന നയപരിപാടികളുടെയും വികസനപ്രവർത്തനങ്ങളുടെയുമെല്ലാം ഗുണഭോക്താവ് താനല്ല, ഈ നാടും വരുംതലമുറകളുമാണെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്. ഒരു ജനനേതാവെന്നനിലയിൽ ഏറ്റവും ആവശ്യമുള്ളതും ആ സ്വയംബോധ്യമാണ്. മുൻസർക്കാരുകൾ മടിച്ചുനിന്നതോ പാതിമനസ്സോടെ സമീപിച്ചതോ ആയ പലപദ്ധതികളും യാഥാർഥ്യമാക്കുന്നതിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കാണിച്ചത്, ആ ബോധ്യം നൽകിയ ഇച്ഛാശക്തിയാണ്. ഏതുകാര്യമായാലും അതിന്റെ ആസൂത്രണത്തിലും നടത്തിപ്പിലുമെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധപതിയുന്നുണ്ടെന്ന് പലസന്ദർഭങ്ങളിലും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

വലുപ്പച്ചെറുപ്പം നോക്കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ അദ്ദേഹം തയ്യാറാവാറുണ്ട്. 2021-ലെ തിരഞ്ഞെടുപ്പിനുമുൻപ്‌ ഒരുദിവസം കാണാൻചെന്നപ്പോൾ, ഒരു നോട്ട് ബുക്കും പേനയുമായാണ് അദ്ദേഹം കടന്നുവന്നത്. തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ഉയർത്തേണ്ട വിഷയങ്ങൾ, ഉന്നയിക്കേണ്ട കാര്യങ്ങൾ, നിലപാടുകൾ എന്നിവയെക്കുറിച്ചുള്ള എന്റെ അഭിപ്രായം അദ്ദേഹം കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പലരും ഇതേ അനുഭവം പറഞ്ഞിട്ടുണ്ട്. ആര്‌, എന്തുകാര്യം പറയുമ്പോഴും ക്ഷമയോടെ, ശ്രദ്ധയോടെ കേട്ടിരിക്കും. എഴുതിക്കൊടുക്കുന്നതാണെങ്കിൽ അത് സൂക്ഷ്മമായി വായിക്കും. നമ്മൾ പറയുന്നതിലെ ഉൾക്കാമ്പ് പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള അനിതരസാധാരണമായ ശേഷി അദ്ദേഹത്തിനുണ്ട്. അദ്ദേഹം പറയുന്നത്‌ ക്ഷമയോടെ നമ്മൾ കേട്ടിരിക്കണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരു നല്ല ഭരണാധികാരിയെ പാകപ്പെടുത്തിയെടുക്കുന്നത് നിസ്സംശയമായും ഇത്തരം കാര്യങ്ങൾതന്നെയാണ്.

കുട്ടനാട്ടിൽ പ്രളയമുണ്ടായപ്പോൾ, മുഖ്യമന്ത്രി സ്ഥലത്ത് എത്താത്തതിനെക്കുറിച്ച് വലിയ വിമർശനമുയർന്നിരുന്നു. പലഘട്ടങ്ങളിലും ഇതേ പരാതി ഉയർന്നുവന്നിട്ടുണ്ട്. താൻ ആ സമയം അവിടെ പോകുന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുമെന്നും അത്യാവശ്യമായ കാര്യങ്ങൾ പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്‌ എന്നതുമാണ് അദ്ദേഹത്തിന്റെ നിലപാട്. സംഭവസ്ഥലത്ത് പെട്ടെന്ന് എത്തുന്നതിനെക്കാൾ പ്രധാനം, പ്രതിവിധികൾ കണ്ടെത്തുകയെന്നതാണെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്. ജനപ്രിയതയെക്കാൾ അതാണ്‌ ഒരു യഥാർഥ ഭരണാധികാരിയുടെ ദൗത്യമെന്ന്, വിമർശനമുന്നയിച്ച മാധ്യമരംഗത്തെ പല സഹപ്രവർത്തകരോടും ഞാൻ പറഞ്ഞത്‌ ഇപ്പോൾ ഓർക്കുന്നു.

പുറമേ പരുക്കനെന്നാണ് സ്വതവേ പലരും പിണറായിയെക്കുറിച്ച് പറയാറുള്ളത്. എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹത്തിന് ആർദ്രമായൊരു മനസ്സുണ്ടെന്നതാണ് സത്യം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ, ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകൾ ഉദാഹരണം. പിതാവ് രോഗാവസ്ഥയിലായപ്പോൾ, മുഖ്യമന്ത്രി കാണിച്ച ശ്രദ്ധയും കരുതലും ഏറെയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട നേതാവ് പിണറായിയാണെന്ന് ആ ചെറുപ്പക്കാരൻ ഒരിക്കൽ പറഞ്ഞതും ഇതെല്ലാം ഓർത്തിട്ടാവണം.

സഖാവ് കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായപ്പോൾ, അദ്ദേഹം കാണിച്ച ശ്രദ്ധയും നൽകിയ സാന്ത്വനവും എനിക്കറിയാം. അച്ഛന്റെ ആരോഗ്യം മോശമായഘട്ടത്തിലും, നേരിട്ടും ഫോൺവഴിയും അദ്ദേഹം കാര്യങ്ങൾ തിരക്കിയതും ഓർമ്മവരുന്നു. കോഴിക്കോട്ടെ സിപിഎം നേതാവ് എം. ദാസൻ അസുഖബാധിതനായപ്പോൾ, പാർട്ടിസെക്രട്ടറിയായിരുന്ന പിണറായി കാണിച്ച ശ്രദ്ധ എനിക്ക് നേരിട്ടറിയാം. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ വർഷങ്ങൾക്കുമുൻപ്‌ അസുഖബാധിതനായി ആസ്പത്രിയിലായപ്പോൾ,
സഹായത്തിന് വിശ്വസ്തനായ ഒരാളെ മാസങ്ങളോളം പിണറായി അവിടെ നിയോഗിച്ചിരുന്നു. അതൊന്നും അദ്ദേഹം ആരോടെങ്കിലും പറഞ്ഞിരുന്നില്ല. രാഷ്ട്രീയത്തിന് പുറത്തും പിണറായിയുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെപ്പേരുണ്ട്. അതിൽ എല്ലാവിഭാഗക്കാരുമുണ്ട്, രാഷ്ട്രീയമൊന്നും അതിന്
തടസ്സമാകാറില്ല.

പിണറായിയുടെ കൃത്യനിഷ്ഠയും സമയബോധവും അദ്‌ഭുതപ്പെടുത്തുന്നതാണ്. ഏതുചടങ്ങിലും നിശ്ചയിച്ചസമയത്ത്‌ എത്തുകയെന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ആദ്യവർഷങ്ങളിൽ സംഘാടകർപോലും അതിൽ കുഴങ്ങിപ്പോയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയനിഷ്ഠ എല്ലാവർക്കും അറിയാവുന്നതിനാൽ കാര്യങ്ങൾ സുഗമമാണ്. കേരളം കണ്ട വലിയ മാറ്റംകൂടിയാണിത്. നഷ്ടപ്പെടുന്ന വിലയേറിയ സമയം, നമ്മുടേതുമാത്രമല്ല മറ്റുള്ളവരുടേതുകൂടിയാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. തന്റെ ആരോഗ്യകാര്യത്തിലും ഈ ശ്രദ്ധ അദ്ദേഹം വെച്ചുപുലർത്തുന്നു. കൃത്യമായ വ്യായാമവും ആഹാരക്രമവുമെല്ലാം അതിന്റെ ഭാഗമാണ്.

എന്റെ പിതാവിന്റെ മരണം കോവിഡ്കാലത്തായിരുന്നല്ലോ. രണ്ടുവർഷംമുൻപ്‌, അദ്ദേഹത്തിന്റെ അനുസ്മരണച്ചടങ്ങ് കോഴിക്കോട് ബീച്ചിൽ വലിയ റാലിയോടെയായിരുന്നു ആസൂത്രണംചെയ്തത്. ഉദ്ഘാടകനാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. തുടർന്നുള്ള പരിപാടി അദ്ദേഹത്തിന് കണ്ണൂർ ജില്ലയിലായിരുന്നു. അതിനാൽ, റാലി മൂന്നുമണിക്ക് തുടങ്ങാനാവുമോയെന്ന് അദ്ദേഹം ആരാഞ്ഞു. അത് പ്രയാസമാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല. കൊടും വെയിലിൽ ആ സമയം പ്രവർത്തകർ എത്തുകയെന്നത് ബുദ്ധിമുട്ടാവുമെന്ന സംഘാടകരുടെ പ്രയാസം, അദ്ദേഹത്തിലെ സംഘാടകന് പെട്ടെന്ന് മനസ്സിലായി. ഒരുമണിക്കൂറോളം കാത്തിരുന്ന്, നിശ്ചയിച്ച സമയത്തെത്തി ഒരുമണിക്കൂറോളം പ്രസംഗിച്ചാണ് അദ്ദേഹം കണ്ണൂരിലേക്ക് പോയത്. അവിടത്തെ പരിപാടിയുടെ സമയം അദ്ദേഹം ഞങ്ങൾക്കുവേണ്ടി മാറ്റിക്കുകയായിരുന്നു. അതൊക്കെ ശരിയാക്കിയിട്ടുണ്ടെന്ന് വേദിയിൽവെച്ച് അദ്ദേഹം എന്നോട് പറഞ്ഞത് നന്ദിയോടെ ഓർക്കുന്നു.

എപ്പോഴെങ്കിലും കാണണമെന്നോ സംസാരിക്കണമെന്നോ പറഞ്ഞ് സന്ദേശമയച്ചാൽ, അദ്ദേഹം അതിന് മറുപടി അയച്ചിരിക്കും. അല്ലെങ്കിൽ നേരിട്ട് വിളിക്കുകയോ വിളിക്കേണ്ട സമയം അറിയിക്കുകയോ ചെയ്യും. ആവശ്യമുണ്ടെങ്കിൽമാത്രമേ ഞാൻ വിളിക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്യാറുള്ളൂവെന്നത് അദ്ദേഹത്തിനും ബോധ്യപ്പെട്ടിരിക്കണം.

പ്രതിസന്ധികളോട് പടവെട്ടിയാണ്, പിണറായി വിജയൻ എന്ന നേതാവും ഭരണാധികാരിയും രൂപപ്പെട്ടത്. ഇപ്പോൾ പലരും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നത് കാണാറുണ്ട്. എന്നാൽ, കേവലമായ അനുകരണം വിജയിക്കില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. കാരണം, അവരൊന്നും അറിയാത്ത, ആർക്കും അനുകരിക്കാനാകാത്ത കുറെ സവിശേഷതകൾ, പിണറായി വിജയൻ എന്ന നേതാവിനുണ്ട്. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ അന്തർലീനമായ കാര്യങ്ങളാണ്. അതിനാൽ, അവ പിന്തുടരുക പ്രയാസവുമാണ്. അതുകൊണ്ടുതന്നെയാണ്, പിണറായിയെ അനുകരിക്കാനാവില്ലെന്ന് ഞാൻ കരുതാൻ കാരണവും.

എൺപതാംപിറന്നാൾ ദിനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹൃദയാഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!