KSDLIVENEWS

Real news for everyone

ദേശീയപാത ഇടിയാൻ കാരണം മണ്ണിലെ ജലാംശം നീക്കം ചെയ്യാത്തത്: ഒരു ബിടെക് ബിരുദധാരിക്ക് പോലും മനസ്സിലാകുന്ന എൻജിനീയറിങ് അബദ്ധം

SHARE THIS ON

കോട്ടയം: മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞുപോകാൻ കാരണം മണ്ണിലെ ജലാംശം കുറയ്ക്കാനുള്ള നടപടികൾ കൃത്യമായി ചെയ്യാത്തതെന്ന് ഈ രംഗത്തെ വിദഗ്ധർ. പാതയുടെ അടിത്തറയിലെ കളിമണ്ണ് ഇളകിയതാണ് അപകടത്തിനു കാരണം. വയലിലൂടെ ഏതാണ്ട് 10 – 16 മീറ്റർ വരെ ഉയരത്തിലാണ് മേൽപാലം. അവിടെ കൂടുതലും കളിമണ്ണായിരിക്കും ഉണ്ടാകുക. ജലാംശം കൂടുന്തോറും മണ്ണിന്റെ ഉറപ്പു നഷ്ടപ്പെടും. അടിത്തറ നിർമിക്കുംമുൻപ് മണ്ണിലെ ജലാംശം പരമാവധി കുറയ്ക്കണം.

പ്രീ ഫാബ്രിക്കേറ്റഡ് വെർട്ടിക്കൽ ‍‍ഡ്രെയിൻ (പിവിഡി) പ്രവൃത്തിയിലൂടെ ഇതു ചെയ്യാം. മണ്ണിൽനിന്ന് അധിക ജലം നീക്കം ചെയ്യാൻ സഹായിക്കുന്ന ഡ്രെയ്നേജ് സംവിധാനമാണു പിവിഡി. പക്ഷേ അത് കൃത്യമായി ഇവിടെ ചെയ്തിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. അതിനാലാണ് അടിത്തറയിലെ മണ്ണ് ഇടിഞ്ഞത്. അതല്ലാതെ, മുകൾ ഭാഗത്തെ നിർമിതിയിലോ വശത്തു സ്ഥാപിച്ചിരിക്കുന്ന കട്ടകളിലോ (സെഗ്മെന്റ‍ഡ് ഫേഷ്യ ബ്ലോക്ക്) നിർമാണപ്പിശക് ഉണ്ടായതായി തോന്നുന്നില്ലെന്നും വിദഗ്ധർ പറയുന്നു.

അടിത്തറയിലെ മണ്ണിലെ ജലാംശം നീക്കിയെന്നു ബോധ്യമായാലേ മുകളിലേക്കുള്ള നിർമാണ പ്രവൃത്തികൾ ആരംഭിക്കാവൂ. എന്നാൽ ഇവിടെ ജോലി പെട്ടെന്നു തീർക്കാൻ ശ്രമിച്ചതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ് ഇത്. ദേശീയപാതാ അതോറിറ്റിയും കമ്പനിയും തയാറാക്കിയ ‍ഡിപിആറും പരിശോധിക്കണം. ഡിപിആറിൽ പറഞ്ഞതുപോലെയുള്ള മണ്ണ് പരിശോധന അടക്കമുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ടോയെന്നതും അന്വേഷിക്കണം. ഗ്രൗണ്ട് ഇംപ്രൂവ്മെന്റിന്റെ ഭാഗമാണ് മണ്ണ് പരിശോധന.

ഇന്ത്യൻ റോ‍ഡ് കോൺഗ്രസ് നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ നിർമാണ സമയത്ത് ചെയ്യാൻ പാടുള്ളൂവെന്നും കൂരിയാട് സംഭവിച്ചിരിക്കുന്നത് ഒരു ക്ലാസിക്കൽ ഫൗണ്ടേഷൻ ഫെയിലർ ആണ്. ഇവിടെ അടിസ്ഥാന സിവിൽ എൻജിനീയറിങ് നിയമങ്ങൾപോലും ലംഘിക്കപ്പെട്ടു. ഒരു ബിടെക് ബിരുദധാരിക്കു പോലും നോക്കിയാൽ മനസ്സിലാകുന്ന ‘എൻജിനീയറിങ് അബദ്ധം’ ആണ് കൂരിയാട് സംഭവിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വലിയ പാലങ്ങളുടെ നിർമാണങ്ങളിൽ ‘ഫ്രിക്‌‍ഷൻ ട്രാൻസ്ഫർ’ എന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ട്. 15 ശതമാനത്തിൽ താഴെ മാത്രമെ ഫ്രിക്‌‍ഷൻ ട്രാൻസ്ഫർ ഉണ്ടാകാൻ പാടുള്ളൂ. കേരളത്തിലെ ലാറ്ററൈറ്റ് മണ്ണിന് പൊതുവെ ഫ്രിക്‌‍ഷൻ ട്രാൻസ്ഫർ കൂടുതലായിരിക്കും. അതിനാൽ തന്നെ ഡ്രെയിനേജ് കൃത്യമായി നൽകിയില്ലെങ്കിൽ നിർമാണത്തിൽ അപാകത സംഭവിക്കാം. ഡ്രെയിനേജ് കൃത്യമായാൽ അടിത്തറ ഇളകാൻ സാധ്യത കുറയുമെന്നും വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!