അപകടത്തില്‍പ്പെട്ടത് MSC ELSA 3 ഫീഡര്‍ വെസ്സല്‍, ചുഴിയില്‍പ്പെട്ടാണ് ചരിഞ്ഞതെന്ന് സൂചന

കൊച്ചി: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്നര്‍ കപ്പല്‍ ആലപ്പുഴയ്ക്ക് സമീപത്ത് ഉള്‍ക്കടലില്‍ ചരിഞ്ഞതിനെ തുടര്‍ന്ന് കേരളതീരത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഏതാനും കണ്ടെയ്നറുകള്‍ കടലില്‍ വീണതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. മറൈന്‍ ഓയിലും രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിലുള്ളതെന്നാണ് പ്രാഥമിക വിവരം. ഇവ കടലില്‍ പരക്കാനിടയായാല്‍ അപകടകരമായ സാഹചര്യത്തിനിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്തുനിന്ന് യാത്ര തിരിച്ചത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നാണ് നിലവില്‍ ലഭ്യമായ വിവരം.
184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് എം.എസ്.സി. എല്‍സ 3. നാന്നൂറോളം കണ്ടെയ്നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് തൂത്തുക്കുടിയിലേക്കാണ് കപ്പല്‍ നീങ്ങേണ്ടിയിരുന്നത്. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍നിന്ന് ലഭ്യമാകുന്നത്. ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃകപ്പലില്‍നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്. തൂത്തുക്കുടിയില്‍നിന്ന് മേയ് 21 ന് രാത്രി എട്ടരയോടെ കപ്പല്‍ വിഴിഞ്ഞത്തെത്തി. അവിടെ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയെ ലക്ഷ്യമാക്കി യാത്രതിരിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്ന കപ്പല്‍ ചരിയാനുണ്ടായ സാഹചര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചരിഞ്ഞതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണത്തിനായി മറ്റ് മൂന്നുപേര്‍ കപ്പലില്‍ തുടരുകയാണ്. ഒരു റഷ്യന്‍ സ്വദേശിയും 20 ഫിലീപ്പിന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നവര്‍. റഷ്യക്കാരനാണ് കപ്പലിന്റെ മാസ്റ്റര്‍. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യതയുണ്ട്. അതിനാലാണ് തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

