KSDLIVENEWS

Real news for everyone

കനത്ത മഴ: കോഴിക്കോട്ടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരംവീണു; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

SHARE THIS ON

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം കടപുഴകിവീണ് ഗതാഗത തടസ്സം. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

കോഴിക്കോട് കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ കടപുഴകിവീണു. ഇതോടെ റെയില്‍വേയുടെ വൈദ്യുതലൈൻ പൊട്ടിവീണു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു.

സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് കല്ലായി സ്റ്റേഷന് മുന്‍പായി നിര്‍ത്തിയിട്ടിരിക്കുകയാണ്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്.

കോഴിക്കോട്ട് റെയില്‍വേട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണപ്പോള്‍
ആലുവ ചൂർണ്ണിക്കര അമ്പാട്ടുകാവിന് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണാണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടത്. രാത്രി എട്ടരയോടെയാണ് സംഭവം. അമ്പാട്ടുകാവ് ചുമട്ടു തൊഴിലാളി യൂണിയൻ ഓഫീസിന് പിൻവശത്തെ മരമാണ് മറിഞ്ഞു വീണത്. റെയിൽവേ ട്രാക്കിലെ രണ്ട് ഇലക്ട്രിക് ലൈനുകൾ പൊട്ടി. ഇതോടെ റെയില്‍വേ ട്രാക്കിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

മരം മുറിച്ചുമാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം. ഇതുവഴിയുള്ള വിവിധ ട്രെയിൻ സർവീസുകൾ തിരുവനന്തപുരം-നാഗർകോവിൽ നോർത്ത് പാസഞ്ചർ എക്സ്പ്രസ് റദ്ദ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് വൈകി 9.05-ന് ആയിരിക്കും ചൊവ്വാഴ്ച പുറപ്പെടുക. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.50-ന് പൂനയിലേക്ക് പുറപ്പെടുന്ന പൂർണ വീക്കിലി എക്സ്പ്രസ് വൈകി 9.15-നാണ് യാത്ര ആരംഭിക്കുക.

അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!