ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ

എറണാകുളം: ആലുവയിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം ഇയാൾ തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ മുഖേനെ കാര്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
ആലുവ നഗരത്തിലെ തോട്ടുങ്ങൽ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജിൽ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് കൂറച്ചുകഴിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.
തർക്കം മൂർഛിച്ചതോടെ അഖിലയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ താൻ അഖിലയെ കൊന്നുവെന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും വീഡിയോ കോളിലൂടെ മൃതദേഹം കാണിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പോലീസിനെ വിവരമറിയിച്ചത.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമെ അഖിലയുടെ മൃതദേഹം ലോഡ്ജിൽ നിന്ന് മാറ്റു.
അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ഇവിടുത്തെ ജീവനകകാർ പറയുന്നത്.

