മുഖ്യമന്ത്രിമാരായിരുന്നപ്പോൾ നടത്തിയ സംഭാഷണങ്ങൾ ഓർക്കുന്നു: വിഎസിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കായും സമര്‍പ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് മോദി അനുസ്മരിച്ചു. തങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഓര്‍ക്കുന്നുവെന്നും മോദി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
‘മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമര്‍പ്പിച്ചു. ഞങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഈ ദുഃഖവേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയാണ് വി.എസ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ രൂപവത്കരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്ന അദ്ദേഹം 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായി. മൂന്നു തവണയായി 15 വര്‍ഷം പ്രതിപക്ഷ നേതാവുമായിരുന്നു. 1980 മുതല്‍ 92 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1985 മുതല്‍ 2009 വരെ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. 2016 മുതല്‍ 21 വരെ ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

