വി.എസും ഉമ്മൻചാണ്ടിയും ഇല്ലാത്ത കേരളം: കോടിയേരിയും കാനവും ഓർമയായി; നഷ്ടങ്ങളുടെ ജൂലൈ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെ പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത് എൽഡിഎഫിലേയും യുഡിഎഫിലേയും അതികായകർ. 2025 ജൂലൈയിലാണ് വി.എസ്. അച്യുതാനന്ദൻ മൺമറഞ്ഞതെങ്കിൽ ഇതുപോലൊരു ജൂലൈയുടെ നഷ്ടമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2023 ജൂലൈ 18ന് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.
പതിറ്റാണ്ടുകളോളം ഉമ്മൻ ചാണ്ടിക്ക് ഒത്ത രാഷ്ട്രീയ എതിരാളി ആയിരുന്നു വി.എസ്. അച്യുതാനന്ദൻ. 2004ൽ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനുമായി പോരാട്ടം പ്രത്യക്ഷത്തിലായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി, വി.എസ് പ്രതിപക്ഷ നേതാവും. സെക്രട്ടേറിയറ്റ് വളയൽ ഉൾപ്പെടെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത സമരമുറകളാണ് അന്നത്തെ പ്രതിപക്ഷം വി.എസിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ തൊടുത്തുവിട്ടത്.
2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയതോടെ വി.എസും ഉമ്മൻ ചാണ്ടിയും എംഎൽഎമാരായി നിയമസഭയിൽ വന്നുപോയി. അങ്ങനെ രണ്ട് മുൻ മുഖ്യമന്ത്രിമാരുള്ള സഭ എന്ന അപൂർവതയ്ക്ക് പതിനാലാം നിയമസഭ സാക്ഷിയായി. ഇക്കാലയളവിൽ വി.എസ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായെങ്കിൽ പദവികളൊന്നും ഏറ്റെടുക്കാൻ താനില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇരുവരും നിയമസഭ പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ലാതിരുന്ന കാലമായിരുന്നു 2016 –2021. ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയത് 2022 ഒക്ടോബർ 1ന്. പാർട്ടിയിൽ വിഭാഗിയത കൊടിക്കുത്തി വാണ കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായിക്കും നിയമസഭാ നേതാവായിരുന്ന അച്യുതാനന്ദനും ഇടയിലെ മധ്യസ്ഥ മുഖമായിരുന്നു കോടിയേരി. പിണറായിക്കും വി.എസിനും പ്രിയപ്പെട്ട സഖാവായിരുന്നു അദ്ദേഹം.
2023 ഡിസംബർ 8ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രനും അന്തരിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളെയും നയിച്ച സംസ്ഥാന സെക്രട്ടറിമാരായിരുന്നു ഇതോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

