ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: അടിയന്തര യോഗംവിളിച്ച് മുഖ്യമന്ത്രി; ജയിൽ സുരക്ഷ ചർച്ചചെയ്യും

തിരുവനന്തപുരം: ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ചചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
പോലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പോലീസിലേയും ജയിൽ വകുപ്പിലേയും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുന്നതായാണ് വിവരം. നിലവിൽ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിലാണ് ഗോവിന്ദച്ചാമി ഉള്ളത്.

