അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി: ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; എഎസ്പി അഞ്ജലി ഭാവന

കൊല്ലം: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.
ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ഇതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നും കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന വ്യക്തമാക്കി. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സതീഷിന്റെ ശാരീരിക – മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു.
നേരത്തെ അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീ പോസ്റ്റ്മോർട്ടം നടത്തുകയാണ്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടില്‍ റീ പോസ്റ്റ്മോർട്ടം നടത്തുന്നത്. അന്വേഷണത്തില്‍ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം
അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ചവറ തെക്കുംഭാഗം എസ് എച്ച് ഒയാണ് നേരിട്ട് അന്വേഷിക്കുക. കരുനാഗപ്പള്ളി എ എസ് പി സംഘത്തിന് മേല്‍നോട്ടം വഹിക്കും. അന്വേഷണത്തിന്റെ ഭാഗമായി, പ്രതി സതീഷിന്റെ ക്രൂരത ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ സ്ഥിതിക്ക് ഇക്കാര്യത്തില്‍ അധികം വൈകാതെ നടപടിയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ബന്ധു രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്നാണ് അതുല്യയുടെ ബന്ധു ജിഷ രജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാള്‍ കാണുന്നതെന്ന് ജിഷ പറഞ്ഞു. മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നില്‍ അഭിനയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറഞ്ഞു. അതുല്യയുടെ ശരീരത്തില്‍ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാമല്ലോയെന്നും ജിഷ ചൂണ്ടിക്കാട്ടിയിരുന്നു.

