ജാർഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചു കുട്ടികള്‍ക്ക് എച്ച്ഐവി;അന്വേഷണം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ്

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു.
തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ റാഞ്ചിയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് സർക്കാർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ സംഘ വെസ്റ്റ് സിംഗ്ഭൂം ജില്ലയില്‍ ചൈബാസയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. തലസീമിയ ബാധിതനായ കുട്ടിക്ക് ചൈബാസ സദർ ആശുപത്രിയിലെ രക്തബാങ്കില്‍ വെച്ച് എച്ച്ഐവി ബാധിത രക്തം നല്‍കിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നാല് കുട്ടികള്‍ കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.രോഗം ബാധിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവരായിരുന്നു.
തലസീമിയ രോഗിയായ കുട്ടിക്ക് മോശമായ രക്തം നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായെന്നും ഡോ. ദിനേശ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകദേശം 25 യൂണിറ്റ് രക്തം കുട്ടി ഇതിനോടകം തന്നെ രക്തബാങ്കില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രക്തത്തിലൂടെ മാത്രമാണ് രോഗബാധ പകര്‍ന്നതെന്ന് കരുതാനാകില്ലെന്നും ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിച്ചതടക്കമുള്ള ഘടകങ്ങള്‍ മൂലവും എച്ചഐവി അണുബാധി ഉണ്ടാകുമെന്നും ജില്ലാ സിവില്‍ സർജൻ ഡോ. സുശാന്തോ മഝീ പറഞ്ഞു.അതേസമയം, ഇതിന് പിന്നില്‍ വ്യക്തി പരമായ വൈരാഗ്യമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്ലഡ് ബാങ്കിലെ ജീവനക്കാരനും കുട്ടിയുടെ ബന്ധുവും തമ്മിലുള്ള തര്‍ക്കം ഒരുവര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ജരി ജില്ലാ പരിഷത്ത് അംഗം മാധവ് ചന്ദ്ര കുങ്കല്‍ എന്‍ഡിടിവിയോട് പറഞ്ഞു. സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും പരാതി നല്‍കിയിട്ടുണ്ട്.
സംഭവം ഇപ്പോള്‍ ജാർഖണ്ഡ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയില്‍ നിന്നും ജില്ലാ സിവില്‍ സർജനില്‍ നിന്നും കോടതി റിപ്പോർട്ട് തേടി. ഔദ്യോഗിക രേഖകള്‍ പ്രകാരം, നിലവില്‍ പശ്ചിമ സിംഗ്ഭും ജില്ലയില്‍ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ട്. കൂടുതല്‍ രോഗങ്ങള്‍ പടരാതിരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് കര്‍ശന നിർദേശം നല്‍കിയിട്ടുണ്ട്.

