KSDLIVENEWS

Real news for everyone

കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്; ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ അലേര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ചവരെ (26/11/2025) ഇടവിട്ട തോതില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതോടെ ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്.

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.


സംസ്ഥാനത്തെ യെല്ലോ അലേർട്ട് വിവരങ്ങള്‍


23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
24/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം.
25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട തോതില്‍ മഴ ലഭിക്കുന്ന അന്തരീക്ഷമാണുള്ളത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട തോതില്‍ ശക്തമായ മഴ ലഭിച്ചു. അടുത്ത ബുധനാഴ്ചവരെ മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ മഴ തുടർന്നും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നുമുതല്‍ (22/11/2025) തിങ്കളാഴ്ചവരെ (24/11/2025) കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടല്‍, തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന പ്രദേശങ്ങള്‍, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!